ചെത്തുകാരന്‍ എന്നു പറഞ്ഞാല്‍ ജാതിയാണോ? അതില്‍ എന്താണിത്ര തെറ്റ്? ; ന്യായീകരിച്ച് സുധാകരന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th February 2021 12:34 PM |
Last Updated: 04th February 2021 12:34 PM | A+A A- |

കെ സുധാകരന്‍/ഫയല്‍
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചു നടത്തിയ വിവാദ പ്രസ്താവനയെ ന്യായീകരിച്ച് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍ എംപി. മുഖ്യമന്ത്രി ചെത്തുതൊഴിലാളി കുടുംബത്തില്‍നിന്നു വരുന്ന ആളാണ്. അങ്ങനെയൊരാള്‍ പൊതു പണം ധൂര്‍ത്തടിക്കുന്നതിനെക്കുറിച്ചാണ് പറഞ്ഞത്. അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സുധാകരന്‍ മാധ്യമങ്ങളോടു പറഞ്ഞു.
''ഞാന്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്? എന്താണ് അതിലെ സാമാന്യ മര്യാദയിലെ ലംഘനം? വിമര്‍ശിച്ചവര്‍ അതു പറയട്ടെ. പിണറായി വിജയന്റെ കുടുംബം ചെത്തുതൊഴിലാളിയുടെ കുടുംബമാണ്. തൊഴിലാളി നേതാവായി വന്ന ഒരാള്‍ സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍ വാടയ്ക്ക് എടുത്തു. അതു തൊഴിലാളി വര്‍ഗത്തിന്റെ താത്പര്യങ്ങള്‍ക്കാണോ? തൊഴിലാളി വര്‍ഗത്തിന്റെ പ്രതീക്ഷയ്ക്ക് ഒപ്പമാണോ അദ്ദേഹം പ്രവര്‍ത്തിച്ചത്? അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സുഖത്തിനും സൗകര്യത്തിനും വേണ്ടിയല്ലേ? അതിനെ വിമര്‍ശിക്കുന്നതില്‍ എന്താണ് തെറ്റ്? - സുധാകരന്‍ ചോദിച്ചു.
ചെത്തുതൊഴിലാളി എന്നു പറയുന്നത് തെറ്റാണോ? കര്‍ഷക തൊഴിലാളി, ബീഡിത്തൊഴിലാളി എന്നെല്ലാം പറയുന്നത് തെറ്റാണോ? തൊഴില്‍ അഭിമാനവും അന്തസും അല്ലേ? അതു പറഞ്ഞാല്‍ എന്താണ് കുഴപ്പം? ചെത്തുകാരന്‍ എന്നു പറഞ്ഞാല്‍ ജാതിയാണോ? പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു.
പിണറായി വിജയനെക്കുറിച്ചു പറയുമ്പോള്‍ ഷാനിമോള്‍ ഉസ്മാന് എന്താണ് ഇത്ര മാനസിക പ്രയാസം എന്നറിയില്ല. ഏതെങ്കിലും സിപിഎം നേതാവ് പ്രതികരിച്ചോ? അത്തരമൊരു കാര്യത്തില്‍ ഷാനിമോള്‍ ഉസ്മാന് എന്താണ് ഇത്ര മനപ്രയാസം? ഉമ്മന്‍ ചാണ്ടിക്കും മറ്റു നേതാക്കള്‍ക്കെതിരെ എന്തെല്ലാം ആക്ഷേപം വന്നിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത പ്രയാസം ഷാനിമോള്‍ക്ക് എന്തിനാണ്? ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണെന്ന രമേശ് ചെന്നിത്തല പറഞ്ഞതിനെക്കുറിച്ച് അറിയില്ല.
സിപിഎമ്മിന്റെ ആരെങ്കിലും പ്രതികരിച്ചോ? സിപിഎം വിഷയമാക്കാത്ത കാര്യം കോണ്‍ഗ്രസ് നേതാക്കള്‍ വിഷമാക്കുന്നതിന്റെ താത്പര്യം എന്താണ്? ഇക്കാര്യം ചൂണ്ടിക്കാട്ടി കെപിസിസി നേതൃത്വത്തിനു കത്തു നല്‍കിയിട്ടുണ്ടെന്ന് സുധാകരന്‍ പറഞ്ഞു.