ദീർഘ അവധിയിൽ പോയവരെ കെഎസ്ആർടിസി പിരിച്ചുവിട്ടു, ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് സുപ്രീംകോടതി 

ജീവനക്കാർക്ക് വിദേശത്ത് പോകാനും മറ്റും അഞ്ചു വർഷത്തെ അവധി കെഎസ്ആർടിസി നൽകാറുണ്ട്
ഫയല്‍ ഫോട്ടോ
ഫയല്‍ ഫോട്ടോ


ന്യൂഡൽഹി; ദീർഘ അവധിയിൽപ്പോയി തിരികെ പ്രവേശിക്കാത്തതിന് പിരിച്ചുവിട്ട കെഎസ്ആർടിസി ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവിനെതിരേ കെഎസ്ആർടിസി നൽകിയ അപ്പീൽ ജസ്റ്റിസ് മോഹൻ എം. ശാന്തന ഗൗഡർ അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്. 

ജീവനക്കാർക്ക് വിദേശത്ത് പോകാനും മറ്റും അഞ്ചു വർഷത്തെ അവധി കെഎസ്ആർടിസി നൽകാറുണ്ട്. ഇങ്ങനെ അവധിയിൽപ്പോയ 136 ജീവനക്കാരോട് ഉടൻതന്നെ ജോലിയിൽ തിരികെ പ്രവേശിക്കാൻ കെഎസ്ആർടിസി നോട്ടീസ് നൽകി. ഇതുപ്രകാരം തിരികെ പ്രവേശിച്ച ചുരുക്കം ചിലർ ഒഴികെ ബാക്കി എല്ലാവരെയും പിരിച്ചുവിട്ടു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചപ്പോൾ ജീവനക്കാരുടെ അവധി അനധികൃതമല്ലെന്നും അനുവദിക്കപ്പെട്ടതാണെന്നും ചൂണ്ടിക്കാട്ടി തിരികെ എടുക്കാൻ ഉത്തരവിടുകയായിരുന്നു. 

ഹൈക്കോടതിയുടെ ഡിസംബർ 18-ന്റെ ഉത്തരവ് ചോദ്യംചെയ്താണ് കെ.എസ്.ആർ.ടി.സി. അപ്പീൽ നൽകിയത്. ബാങ്ക് വായ്പ (3100 കോടി) ഉൾപ്പെടെ 4315 കോടിയുടെ ബാധ്യതയുണ്ടെന്നും കോവിഡ് അടച്ചിടൽ സ്ഥിതി രൂക്ഷമാക്കിയെന്നും കെ.എസ്.ആർ.ടി.സി. സുപ്രീംകോടതിയിൽ അറിയിച്ചിരുന്നു. എന്നാൽ സുപ്രീംകോടതി  അപ്പീൽ തള്ളുകയായിരുന്നു. അതേസമയം, ഇതിലെ നിയമപരമായ ചോദ്യങ്ങൾ നിലനിൽക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com