ഒറ്റപ്പാലത്ത് വൻ മോഷണം; പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് പണവും വജ്രം, സ്വർണം ആഭരണങ്ങളും കവർന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th February 2021 09:22 AM |
Last Updated: 04th February 2021 09:22 AM | A+A A- |

പ്രതീകാത്മക ചിത്രം
പാലക്കാട്: ഒറ്റപ്പാലം നഗരത്തിൽ പൂട്ടിയിട്ടിരുന്ന വീടു കുത്തിത്തുറന്നു മോഷണം. പണവും സ്വർണം, വജ്രം ആഭരണങ്ങളുമാണ് കവർന്നത്. ഈസ്റ്റ് ഒറ്റപ്പാലം പുലായ്ക്കൽ ഡോ. ഷാമിൽ മുഹമ്മദിന്റെ വീട്ടിലാണ് മോഷണം നടന്നത്.
20 പവൻ സ്വർണാഭരണങ്ങളും രണ്ട് ലക്ഷം രൂപയും വജ്ര ആഭരണങ്ങളുമാണു മോഷ്ടിക്കപ്പെട്ടത്. ചൊവ്വാഴ്ച രാത്രി ഏഴരയ്ക്കും ഒൻപതരയ്ക്കും മധ്യേയാണു മോഷണം. ഡോക്ടർ പെരിന്തൽമണ്ണയിലേക്കും മറ്റു കുടുംബാംഗങ്ങൾ വീടു പൂട്ടി പഴയ ലക്കിടിയിലെ ബന്ധു വീട്ടിലേക്കും പോയതായിരുന്നു. കുടുംബാംഗങ്ങൾ തിരിച്ചെത്തിയപ്പോഴാണു മോഷണം ശ്രദ്ധയിൽപ്പെട്ടത്. വീടിന്റെ പിന്നിലെ ഇരുമ്പുവാതിൽ വഴിയാണു മോഷ്ടാവ് അകത്തുകടന്നതെന്നു കരുതുന്നു.
ഡോക്ടറുടെ മുറിയിലെ അലമാരകളിലായിരുന്നു സ്വർണവും പണവും വജ്ര ആഭരണങ്ങളും. സ്വർണാഭരണങ്ങൾക്കൊപ്പം വജ്രത്തിന്റെ റണ്ട് മോതിരങ്ങളും രണ്ട് ജോഡി കമ്മലുകളും മോഷ്ടിക്കപ്പെട്ടതായാണു പൊലീസിനു നൽകിയ പരാതിയിൽ പറയുന്നത്.
വീട്ടിലെ മറ്റു ചില അലമാരകൾ കൂടി കുത്തിത്തുറന്ന നിലയിലാണെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. മുൻവശത്തെ വാതിലിന്റെ പൂട്ടു തകർക്കാനും ശ്രമം നടന്നിട്ടുണ്ട്. വീടിനുള്ളിൽ നിന്നു മോഷ്ടാവിന്റേതെന്നു കരുതുന്ന സ്ക്രൂ ഡ്രൈവർ കണ്ടെത്തി. തന്റെ ഉടമസ്ഥതയിലുള്ള നാല് ക്ലിനിക്കുകളിലെ ജീവനക്കാർക്കു ശമ്പളം നൽകാൻ സൂക്ഷിച്ചതായിരുന്നു പണമെന്നു ഡോക്ടർ പറഞ്ഞു. പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി തെളിവെടുത്തു.