ബിനീഷ് കോടിയേരി അനൂപിന്റെ ബോസ് ; കേരള സര്‍ക്കാരിന്റെ കരാറുകള്‍ ലഭിക്കാന്‍ രഹസ്യ ചര്‍ച്ച നടത്തി ; ഇ ഡി കുറ്റപത്രം
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th February 2021 02:00 PM |
Last Updated: 05th February 2021 02:00 PM | A+A A- |

ഫയല്‍ ചിത്രം
ബംഗളൂരു : കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം. ബിനീഷ് കോടിയേരിയാണ് കേസിലെ ഒന്നാം പ്രതിയായ മുഹമ്മദ് അനൂപിന്റെ ബോസ്. ബിനീഷ് പറഞ്ഞാല്‍ എന്തും ചെയ്യുന്നയാളാണ് അനൂപെന്നും ഇഡി കുറ്റപത്രത്തില്‍ പറയുന്നു.
അനൂപിനെ മറയാക്കി നടത്തിയ മയക്കുമരുന്ന് ഇടപാടുകളിലൂടെ ബിനീഷ് കോടിയേരി വലിയ തോതില്‍ പണം സമ്പാദിച്ചു. ഇത്തരത്തില്‍ സമ്പാദിച്ച തുക മറ്റ് വ്യവസായങ്ങളില്‍ നിക്ഷേപിച്ച് വെളുപ്പിച്ചെടുത്തെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ബംഗളൂരുവില്‍ ലഹരിപാര്‍ട്ടിക്കിടെ കേരള സര്‍ക്കാരിന്റെ കരാറുകള്‍ ലഭിക്കാന്‍ കേസിലെ പ്രതികളും മറ്റു ചിലരും ബിനീഷുമായി ചര്‍ച്ച നടത്തി. കരാറിന്റെ നാല് ശതമാനം തുക വരെ കമ്മീഷനായി ബിനീഷിന് വാഗ്ദാനം ചെയ്‌തെന്നും പ്രതികള്‍ മൊഴി നല്‍കിയതായി കുറ്റപത്രത്തിലുണ്ട്.
ബിനീഷിന്റെ അക്കൗണ്ടുകളിലേക്കെത്തിയ കണക്കില്‍പ്പെടാത്ത മൂന്നരക്കോടി രൂപ എങ്ങനെ ലഭിച്ചു എന്ന കാര്യത്തില്‍ ബിനീഷിന്റെ അഭിഭാഷകര്‍ക്ക് പോലും വ്യക്തതയില്ലെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. ബിനീഷ് ഇപ്പോഴും ബംഗളൂരു പരപ്പന ജയിലിലാണ്. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വൈകാതെ വിചാരണ നടപടികള്‍ ആരംഭിക്കും.