വീണ്ടും മലയാളിക്ക് 'ലോട്ടറി', അബുദാബി ബിഗ് ടിക്കറ്റിന്റെ 30 കോടി കാസർകോടുകാരിക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th February 2021 07:05 AM |
Last Updated: 05th February 2021 03:38 PM | A+A A- |
തസ്ലീന കുടുംബത്തോടൊപ്പം/ ഫേയ്സ്ബുക്ക്
അബുദാബി; ഗൾഫിൽ നിന്ന് ഭാഗ്യം വാരി മറ്റൊരു മലയാളി കൂടി. കാസർകോട് സ്വദേശിനിക്കാണ് അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ 15 ദശലക്ഷം ദിർഹം (30 കോടിയോളം രൂപ) ലഭിച്ചത്. തൃക്കരിപ്പൂർ വടക്കേ കൊവ്വൽ സ്വദേശി തസ്‌ലീന പുതിയപുരയിലിനെയാണ് ഭാഗ്യം തുണച്ചത്.
ജനുവരി 26-ന് ഓൺലൈനായെടുത്ത 291310 നമ്പർ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. അവിശ്വസനീയമാണിതെന്നാണ് ബിഗ് ടിക്കറ്റ് പ്രതിനിധികളുടെ ആദ്യ ഫോൺകോളിന് തസ്‌ലീനയുടെ മറുപടി. ഭർത്താവിനും മൂന്ന് മക്കൾക്കുമൊപ്പം ഖത്തറിലെ ദോഹയിൽ താമസിക്കുകയാണ് ഇവർ. പ്രമുഖ ഹോട്ടൽ ശൃംഖലയായ എംആർഎയുടെ ഉടമകളിലൊരാളായ അബ്ദുൽ ഖദ്ദാഫാണ് ഭർത്താവ്. തമിഴ് സിനിമാതാരം ആര്യയുടെ സഹോദരി കൂടിയാണ് തസ്‌ലീന.
ഇത്തവണ ബിഗ് ടിക്കറ്റിന്റെ മുഴുവൻ നറുക്കും ലഭിച്ചത് ഇന്ത്യക്കാർക്കാണ്. ഇവരിൽ ഭൂരിഭാഗവും മലയാളികളും. രണ്ടാം നറുക്കായ മൂന്നരലക്ഷം ദിർഹത്തിന് (69.5 ലക്ഷം രൂപ) ദുബായിൽ ജോലി ചെയ്യുന്ന പ്രേം മോഹൻ അർഹനായി. മൂന്നാം നറുക്കായ ഒരു ലക്ഷം ദിർഹത്തിന് (19 ലക്ഷത്തോളം രൂപ) അലി അസ്‌കറും നാലാം നറുക്കായ 80,000 ദിർഹത്തിന് (15 ലക്ഷത്തോളം രൂപ) നിധിൻ പ്രകാശും സ്വന്തമാക്കി.