'ഗോപാലന്‍ സ്വാതന്ത്ര്യസമര സേനാനി ; പിണറായിയുടെ അച്ഛന്‍ അപ്പോള്‍ തേരാപാരാ നടക്കുകയായിരുന്നു'
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th February 2021 01:26 PM |
Last Updated: 05th February 2021 01:26 PM | A+A A- |
കെ സുധാകരന്‍ / ഫയല്‍ ചിത്രം
ന്യൂഡല്‍ഹി : കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അച്ഛനെ അടക്കം അധിക്ഷേപിച്ചിട്ടുള്ള പിണറായി വിജയന്‍ ഒരു ആദരവും അര്‍ഹിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. മുല്ലപ്പള്ളി രാമചന്ദ്രന്റെ അച്ഛനെ അട്ടംപരതി ഗോപാലന്‍ എന്നു വിളിച്ചില്ലേ പിണറായി വിജയന്‍ പരിഹസിച്ചത്. ആരാണ് ഗോപാലന്‍. സ്വാതന്ത്ര്യസമര സേനാനിയാണ് അദ്ദേഹം. സ്വന്തം കുടുംബം വരെ ഉപേക്ഷിച്ച് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത വ്യക്തിയെയാണ് പിണറായി അധിക്ഷേപിച്ചത്.
മുല്ലപ്പള്ളിയുടെ അച്ഛന്‍ സ്വാതന്ത്ര്യത്തിനായി സമരം നടത്തുമ്പോള്‍ പിണറായി വിജയന്റെ അച്ഛന്‍ പിണറായിയിലൂടെ 'തേരാപാരാ' നടക്കുകയായിരുന്നു എന്നും സുധാകരന്‍ പറഞ്ഞു. പിണറായി വിജയന്‍ പറഞ്ഞതെല്ലാം ഈ കേരളത്തിന്റെ രാഷ്ട്രീയ വായുവില്‍ തങ്ങിനില്‍ക്കുന്നുണ്ട്. ബിഷപ്പിനെ നികൃഷ്ടജീവിയെന്നും, എന്‍ കെ പ്രേമചന്ദ്രന്‍ എംപിയെ പരനാറിയെന്നും വിളിച്ച് ആക്ഷേപിച്ചിട്ടില്ലേ. ഏത് നിഘണ്ഡുവിലാണ് ആ ഭാഷ. വൈകിയെങ്കിലും അദ്ദേഹത്തിന് ഖേദം തോന്നിയിട്ടുണ്ടോ. ഇല്ലല്ലോ. മാധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് ആജ്ഞാപിച്ചില്ലേ.
ഈ മുഖ്യമന്ത്രി എന്ത് ആദരവാണ് അര്‍ഹിക്കുന്നത്. ബഹുമാനം അര്‍ഹിക്കുന്നുണ്ടോ എന്നും സുധാകരന്‍ ചോദിച്ചു. ആദരണീയയായ കെ ആര്‍ ഗൗരിയമ്മയെ ചോവത്തി എന്ന് വിളിച്ചിട്ടില്ലേ ശങ്കരന്‍ നമ്പൂതിരിപ്പാട്. എം എ കുട്ടപ്പനെ ഇ കെ നായനാര്‍ ഹരിജന്‍ കുട്ടപ്പനെന്ന് വിളിച്ച് ആക്ഷേപിച്ചില്ലേ. രമ്യഹരിദാസിനെ വിജയരാഘവന്‍ അപമാനിച്ചില്ലേ. ഇവര്‍ തിരുത്തിയോയെന്ന് സുധാകരന്‍ ചോദിച്ചു.