ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങള്‍ക്ക് വ്യക്തിഗത വരുമാനം അടിസ്ഥാനമാക്കുന്നത് പരിഗണിക്കും: മുഖ്യമന്ത്രി

ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങള്‍ക്ക് കുടുംബവരുമാനം എന്നതുമാറ്റി വ്യക്തിഗത വരുമാനം അടിസ്ഥാന മാനദണ്ഡമാക്കുന്നത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
സമ്മാനം സ്വീകരിച്ചശേഷം ഭിന്നശേഷിക്കാരനായ കുട്ടിയെ അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രി
സമ്മാനം സ്വീകരിച്ചശേഷം ഭിന്നശേഷിക്കാരനായ കുട്ടിയെ അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങള്‍ക്ക് കുടുംബവരുമാനം എന്നതുമാറ്റി വ്യക്തിഗത വരുമാനം അടിസ്ഥാന മാനദണ്ഡമാക്കുന്നത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . ഭിന്നശേഷിക്കാരുമായുള്ള സംവാദത്തില്‍ പങ്കെടുത്ത് ആശയങ്ങളും നിര്‍ദേശങ്ങള്‍ കേട്ടശേഷം മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. 

തൊഴില്‍ സംവരണങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഗൗരവമായി കണ്ട് കുറവുകള്‍ പരിഹരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതു കെട്ടിടനിര്‍മാണങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കും. വൈകല്യങ്ങള്‍ കുറയ്ക്കാന്‍ ഗര്‍ഭാവസ്ഥയില്‍ ജനറ്റിക് പരിശോധനകള്‍ നടത്തണമെന്ന നിര്‍ദേശം ഭാവിയില്‍ പരിശോധിക്കും.ഭിന്നശേഷി കുട്ടികളുടെ സര്‍ഗവാസന വളര്‍ത്താന്‍ ഡിഫറന്റ് ആര്‍ട്ട് സെന്ററുകള്‍ ജില്ലകള്‍ തോറും തുടങ്ങുന്ന കാര്യം ആലോചനയുണ്ട്.

പിഎസ്സി ഉള്‍പ്പെടെയുള്ള വെബ്സൈറ്റുകളില്‍ കാഴ്ചപരിമിത സൗഹൃദമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ സാധ്യത പരിശോധിക്കും. 
ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ ഭിന്നശേഷി യാത്രാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ പടിപടിയായി ആലോചിക്കും. സര്‍ക്കാരിന്റെ സാമ്പത്തികശേഷിക്കനുസരിച്ചാണ് സഹായങ്ങളും ആനുകൂല്യങ്ങളും നല്‍കിവരുന്നത്. അതേസമയം കൂടുതല്‍ ഇടപെടല്‍ ആവശ്യമായിടത്ത് അതിനുള്ള നടപടിയുണ്ടാകും.

പഞ്ചായത്തടിസ്ഥാനത്തില്‍ ഭിന്നശേഷിക്കാരെ കണ്ടെത്താന്‍ നടപടികള്‍ എടുക്കുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങള്‍ മുഖേന ഭിന്നശേഷിക്കാരെ സന്നദ്ധസേവകരുടെ സേവനം ഉള്‍ക്കൊണ്ട് സഹായിക്കുന്ന കാര്യം പരിശോധിക്കും. ഭിന്നശേഷിക്കാര്‍ക്ക് സഹായം, മരുന്നുകള്‍ തുടങ്ങിയ ഇത്തരത്തില്‍ എത്തിക്കാനാകും. ഭിന്നശേഷിക്കാര്‍ക്ക് സംരംഭങ്ങളും മറ്റും ആരംഭിക്കാന്‍ പരമാവധി ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ പരിശോധിക്കും. തദ്ദേശതലത്തില്‍ മറ്റുള്ളവ സന്നദ്ധസേവകരുടെ സഹായം ഉപയോഗിച്ച് പൂര്‍ത്തികരിക്കാന്‍ സംവിധാനം പരിഗണിക്കും.

പകല്‍വീട് മാതൃകയില്‍ പ്രത്യേക സംവിധാനം ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിന് ഒരുക്കുന്നതിന്റെ സാധ്യത പരിശോധിക്കും. 
പൊതു വിദ്യാര്‍ഥികള്‍ക്കുള്ള കലോല്‍സവങ്ങള്‍ക്കൊപ്പം സ്പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും കലോല്‍സവങ്ങളും കായികമേളകളും നടത്തുന്നത് പരിഗണനയിലുണ്ട്. സ്പെഷ്യല്‍ സ്‌കൂളുകളിലെ അധ്യാപകര്‍, മറ്റു സൗകര്യങ്ങള്‍ എന്നിവയിലും പ്രത്യേക ശ്രദ്ധയുണ്ടാകും.
സ്‌കോളര്‍ഷിപ്പുകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ ഉണ്ടാകും. സംസ്ഥാനത്തെ ഭിന്നശേഷി സൗഹൃദമായി ഉയര്‍ത്താന്‍ വലിയതോതില്‍ ശ്രമങ്ങള്‍ സര്‍ക്കാരില്‍നിന്ന് ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംവാദത്തില്‍ പങ്കെടുത്ത ഭിന്നശേഷിക്കാരായ പ്രണവ്, സ്വപ്ന അഗസ്റ്റിന്‍, സനോജ് നടയില്‍ എന്നിവര്‍ വരച്ച മുഖ്യമന്ത്രിയുടെ ചിത്രങ്ങള്‍ അവര്‍ നേരിട്ട് അദ്ദേഹത്തിന് ചടങ്ങില്‍ കൈമാറി. ഇതില്‍ പ്രണവും സ്വപ്നയും കാല്‍വിരലുകള്‍ കൊണ്ട് വരച്ച ചിത്രങ്ങളാണ് സമ്മാനിച്ചത്. ഇതിനൊപ്പം കാല്‍കൊണ്ട് മുഖ്യമന്ത്രിക്കൊപ്പം സെല്‍ഫിയെടുക്കാനും പ്രണവ് സമയം കണ്ടെത്തി.

ഭിന്നശേഷിക്കാരെയും ഭിന്നശേഷി സംഘടനകളെയും പ്രതിനിധീകരിച്ച് ജി. വിജയരാഘവന്‍, ധന്യ രവി, ഗോപിനാഥ് മുതുകാട്, ടിഫാനി ബ്രാര്‍, ഒ. വിജയന്‍, സ്വപ്ന അഗസ്റ്റിന്‍, രശ്മി മോഹന്‍, ജോബി, ദീജ സതീശന്‍, കൃഷ്ണകുമാര്‍, ഗിരീഷ് കീര്‍ത്തി, ഡോ: ശ്യാമപ്രസാദ്, മഹേഷ് ഗുപ്തന്‍, പ്രണവ് എം.ബി, സിക്കന്ദര്‍, ഫൈസല്‍ ഖാന്‍, അക്ഷയകൃഷ്ണ, റിന്‍ഷ, ലൈല നസീര്‍ എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ ആരോഗ്യ-സാമൂഹികനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ. രാമചന്ദ്രന്‍, വികലാംഗക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ അഡ്വ: പരശുവയ്ക്കല്‍ മോഹനന്‍, സാമൂഹികനീതി സെക്രട്ടറി ബിജു പ്രഭാകര്‍, ഡയറക്ടര്‍ ഷീബാ ജോര്‍ജ് എന്നിവര്‍ സംബന്ധിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com