വ്യക്തികൾക്ക് മാത്രമായി പ്രത്യേക റേഷൻ കാർഡ് വരുന്നു; നിബന്ധനകൾ ഇവയെല്ലാം
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th February 2021 08:27 AM |
Last Updated: 05th February 2021 08:27 AM | A+A A- |
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം; സംസ്ഥാനത്ത് വ്യക്തികൾക്ക് മാത്രമായി പ്രത്യേക റേഷൻ കാർഡ് വരുന്നു. സന്യാസികൾക്കും സംരക്ഷണ കേന്ദ്രങ്ങളിലെ അന്തേവാസികൾക്കുമായാണ് അഞ്ചാമതൊരു വിഭാഗം റേഷൻ കാർഡ് അനുവദിക്കുന്നത്. പുതിയ കാർഡിന്റെ നിറവും റേഷൻ വിഹിതവും നിശ്ചയിക്കാൻ സിവിൽ സപ്ലൈസ് ഡയറക്ടറെ ചുമതലപ്പെടുത്തി ഉത്തരവിറക്കി.
സർക്കാർ ഇതര വയോജനകേന്ദ്രങ്ങൾ, കന്യാസ്ത്രീ മഠങ്ങൾ, അഗതി മന്ദിരങ്ങൾ, ആശ്രമങ്ങൾ, ധർമാശുപത്രികൾ, ക്ഷേമ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ താമസിക്കുന്ന സന്യസ്തർക്കം അന്തേവാസികൾക്കും മറ്റുമായാണ് കാർഡ് നൽകുക. പുതിയ കാർഡിന് ആധാർ അടിസ്ഥാനരേഖയാക്കും. മുൻഗണനാ, മുൻഗണനേതര വിഭാഗമായി മാറ്റി നൽകാൻ പരിഗണിക്കില്ല.
നിലവിൽ ക്ഷേമപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ആശ്രമങ്ങളും മഠങ്ങളിലും ആശുപത്രികളിലും മറ്റുമുള്ള അന്തേവാസികളായിട്ടുള്ളവർക്ക് പുതിയ കാർഡ് അനുവദിക്കില്ല. അവർക്ക് നിലവിലുള്ള മാനദണ്ഡപ്രകാരം കാർഡ് അനുവദിക്കും. കേരളത്തിലോ മറ്റ് എവിടെയെങ്കിലുമോ ഉള്ള കാർഡുകളിൽ ഉള്ളവർക്ക് പുതിയ കാർഡ് നൽകാൻ പാടില്ല. കാർഡ് അനുവദിക്കാൻ സ്ഥാപന മേലധികാരി നൽകുന്ന സത്യപ്രസ്താവന താമസ സർട്ടിഫിക്കറ്റിന് പകരമായി ഉപയോഗിക്കാം.