അനാവശ്യമായി ഇടപെട്ട് ഷാനിമോള്‍ പ്രതിക്കൂട്ടിലായി, തിരുത്തിയത് നന്നായെന്ന് സുധാകരന്‍

ബിഷപ്പിനെ നികൃഷ്ടജീവിയെന്നും, എന്‍ കെ പ്രേമചന്ദ്രന്‍ എംപിയെ പരനാറിയെന്നും വിളിച്ച് ആക്ഷേപിച്ചിട്ടില്ലേ
സുധാകരന്‍, ഷാനിമോള്‍ ഉസ്മാന്‍ / ഫയല്‍ ചിത്രം
സുധാകരന്‍, ഷാനിമോള്‍ ഉസ്മാന്‍ / ഫയല്‍ ചിത്രം

ന്യൂഡല്‍ഹി : മുഖ്യമന്ത്രി പിണറായി വിജയനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചിട്ടില്ലെന്ന് കെ സുധാകരന്‍ ആവര്‍ത്തിച്ചു. താന്‍ എവിടെയാണ് ജാതി പറഞ്ഞത്. ചെത്തുകാരന്‍ എന്നു പറയുന്നത് ആക്ഷേപമാകുമോ. അതില്‍ എന്താണ് അപമാനമെന്നും സുധാകരന്‍ ചോദിച്ചു. താന്‍ ജാതി പറഞ്ഞിട്ടില്ല. ഒരു ആദരവ് അര്‍ഹിക്കുന്ന മുഖ്യമന്ത്രിയാണോ കേരളത്തിന്റെ മുഖ്യമന്ത്രിയെന്നും സുധാകരന്‍ പറഞ്ഞു.  

ചൊവ്വാഴ്ച നടന്ന പ്രസംഗത്തില്‍ സിപിഎമ്മുകാര്‍ പ്രതികരിക്കുന്നത് വ്യാഴാഴ്ചയാണ്. രണ്ടു ദിവസം അവര്‍ ഉറങ്ങുകയായിരുന്നോ. ചാനലുകളിലെല്ലാം വന്നിട്ടും ഇവര്‍ അറിഞ്ഞില്ലേ. രണ്ടു ദിവസം കഴിഞ്ഞ് ഇവര്‍ക്ക് ബോധോധയമുണ്ടായത് എന്തിന്റെ അടിസ്ഥാനത്തിലാണ്. അത് കോണ്‍ഗ്രസിന്റെ ഭാഗത്ത് ഷാനിമോള്‍ ഉസ്മാന്റെ പ്രതികരണത്തിലാണ്. അവിടെയാണ് ഷാനിമോള്‍ പ്രതിക്കൂട്ടിലാകുന്നത്. 

ഷാനിമോള്‍ ഉസ്മാന്‍ യാതൊരു കാര്യവുമില്ലാത്ത കാര്യത്തില്‍ പ്രതികരണം നടത്തി. ഏതായാലും അവര്‍ അത് തിരുത്തി. തെറ്റുമനസ്സിലാക്കി തിരുത്തിയത് വളരെ ആദരവോടെ സ്വീകരിക്കുന്നു. പ്രതിപക്ഷ നേതാവും പറഞ്ഞത് തിരുത്തി. പാര്‍ട്ടിക്കകത്ത് അക്കാര്യത്തില്‍ താന്‍ സംതൃപ്തനാണ്. കാരശ്ശേരി മാഷേപ്പോലെ ബുദ്ധിജീവികള്‍ എന്നു പറയുന്ന ആളുകള്‍ ആ വിഷയത്തെ എങ്ങനെ കൈകാര്യം ചെയ്തു.  

പിണറായി വിജയന്റെ അച്ഛന്‍ ഏറ്റുകാരനെന്നാണ് താന്‍ പറഞ്ഞത്. അതില്‍ എന്താണ് അപമാനം. ഓരോ ആളുകളും ജന്മം കൊണ്ടതും വളര്‍ന്നതുമായ സാഹചര്യങ്ങള്‍ അവരവരുടെ ജീവിത ദര്‍ശനത്തെ ബാധിക്കും. ഉന്നതന്റെ മക്കളുടെ ദര്‍ശനമല്ല പട്ടിണി കിടക്കുന്നവന്റെ മകന്റെ ദര്‍ശനം. അത് മാറും, മാറണം. അത് മാറ്റാനുള്ളതാണ് കമ്യൂണിസം. പിണറായി വിജയന്‍ ചെത്തുകാരന്റെ മകനായി ജനിച്ചു എന്നു പറയുന്നതില്‍ അഭിമാനിക്കണം. ഏതു തൊഴിലും അഭിമാനമാണെന്ന് വിശ്വസിക്കുന്നവനാണ് താന്‍. 

അധ്വാനിച്ച് ജീവിക്കുന്നത് അഭിമാനമാണ്. പിണറായി വിജയന്‍ സ്വയം ഒന്നു കണ്ണാടിയില്‍ പോയി നോക്കട്ടെ. അദ്ദേഹം പറഞ്ഞതെല്ലാം ഈ കേരളത്തിന്റെ രാഷ്ട്രീയ വായുവില്‍ തങ്ങിനില്‍ക്കുന്നുണ്ട്. ബിഷപ്പിനെ നികൃഷ്ടജീവിയെന്നും, എന്‍ കെ പ്രേമചന്ദ്രന്‍ എംപിയെ പരനാറിയെന്നും വിളിച്ച് ആക്ഷേപിച്ചിട്ടില്ലേ. ഏത് നിഘണ്ഡുവിലാണ് ആ ഭാഷ. വൈകിയെങ്കിലും അദ്ദേഹത്തിന് ഖേദം തോന്നിയിട്ടുണ്ടോ. ഇല്ലല്ലോ. മുല്ലപ്പള്ളി രാമചന്ദ്രന്റെ അച്ഛനെ അട്ടംപരതി ഗോപാലന്‍ എന്നു വിളിച്ചില്ലേ. ആരാണ് ഗോപാലന്‍. സ്വാതന്ത്ര്യസമര സേനാനിയാണ്. ഈ മുഖ്യമന്ത്രി എന്ത് ആദരവാണ് അര്‍ഹിക്കുന്നത്. ബഹുമാനം അര്‍ഹിക്കുന്നുണ്ടോ എന്നും സുധാകരന്‍ ചോദിച്ചു. 

ആദരണീയയായ കെ ആര്‍ ഗൗരിയമ്മയെ ചോവത്തി എന്ന് വിളിച്ചിട്ടില്ലേ ശങ്കരന്‍ നമ്പൂതിരിപ്പാട്. എം എ കുട്ടപ്പനെ ഇ കെ നായനാര്‍ ഹരിജന്‍ കുട്ടപ്പനെന്ന് വിളിച്ച് ആക്ഷേപിച്ചില്ലേ. രമ്യഹരിദാസിനെ വിജയരാഘവന്‍ അപമാനിച്ചില്ലേ. തിരുത്തിയോയെന്ന് സുധാകരന്‍ ചോദിച്ചു. പിണറായി വിജയനോട് വ്യക്തിപരമായ ഒരു വിദ്വേഷവുമില്ല. പിണറായി വിജയനെ രാഷ്ട്രീയത്തിലെ എതിരാളി മാത്രമായി മാത്രമേ കണ്ടിട്ടുള്ളൂ. രാഷ്ട്രീയത്തിലല്ലാതെ പിണറായിയെ ശത്രുതാമനോഭാവത്തിലൂടെ കണ്ടിട്ടില്ല. മുഖ്യമന്ത്രിയായി അഴിമതി നടത്തുന്നതു വരെ, പിണറായിയെക്കുറിച്ച് ആക്ഷേപങ്ങള്‍ ഉയര്‍ത്തിയ സ്വന്തം പാര്‍ട്ടിക്കാതെ തിരുത്തിയവനാണ് താനെന്നും കെ സുധാകരന്‍ പറഞ്ഞു. . 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com