വൈറലാവാൻ അപകടമുണ്ടാക്കി, വിഡിയോ പകർത്തി പ്രചരിപ്പിച്ചു, ബൈക്ക് യാത്രികരുടെ ജീവൻ വച്ച് കളിച്ചവരെ പൊലീസ് പൊക്കി

ബൈക്ക് പിടിച്ചെടുത്ത് ഡ്രൈവറുടെ ലൈസൻസും റദ്ദാക്കി
വൈറൽ വിഡിയോയിൽ നിന്ന്
വൈറൽ വിഡിയോയിൽ നിന്ന്

വൈറലാവാൻ ബൈക്ക് യാത്രികരെ ഇടിച്ചിട്ട് വിഡിയോ പകർത്തി യുവാക്കൾ. ട്രോൾ വിഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നതിനുവേണ്ടിയാണ് ഒരു കൂട്ടം യുവാക്കൾ ബൈക്ക് യാത്രക്കാരുടെ ജീവൻവെച്ചു കളിച്ചത്. എന്തായാലും അവർ വിചാരിച്ചതുപോലെ കാര്യങ്ങൾ നടന്നു. അപകടത്തിന്റെ വിഡിയോ ഹിറ്റായി. ഇത് ശ്രദ്ധയിൽപ്പെട്ട പൊലീസ് ഉടനടി നടപടിയെടുക്കുകയും ചെയ്തു.  ബൈക്ക് പിടിച്ചെടുത്ത് ഡ്രൈവറുടെ ലൈസൻസും റദ്ദാക്കി. 

വീഡിയോ ചിത്രീകരണത്തിനായി ന്യൂജെൻ ബൈക്കിൽ അതിവേഗത്തിൽ പാഞ്ഞെത്തി മുന്നിൽപ്പോയ ബൈക്കിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ അഘാതത്തിൽ മുന്നിൽ പോയ ബൈക്ക് പാളിയെങ്കിലും നിലതെറ്റി വീണില്ല. പിന്നിലിരുന്ന ആളിന്റെ കൈക്ക്‌ പരിക്കേറ്റു. ഇതെല്ലാം ഇവർ മൊബൈലിൽ ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു. തുടർന്ന്, ഇൻ ഹരിഹർ നഗർ സിനിമയിലെ ഒരു രംഗത്തിന്റെ സംഭാഷണവും പശ്ചാത്തല സംഗീതവും ചേർത്ത് സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. അതിവേഗം അലങ്കാരമല്ല, അഹങ്കാരമാണെന്ന തലക്കെട്ടോടെയാണ് വിഡിയോ എത്തിയത്. ആലപ്പുഴ  തൃക്കുന്നപ്പുഴയിൽവച്ച് ആറ് യുവാക്കൾ ചേർന്നാണ് വിഡിയോ ചിത്രീകരിച്ചത്. 

സിനിമയിൽ സിദ്ദീഖും മുകേഷും ജഗദീഷും അശോകനുംചേർന്ന് പറവൂർ ഭരതന്റെ കഥാപാത്രത്തെ ഇടിച്ചുവീഴ്ത്തി പരിചയപ്പെടാൻ ശ്രമിക്കുന്ന രംഗമാണ് ഇവർ ട്രോളിനായി ഉപയോ​ഗിച്ചത്. സിനിമയിലെ സംഭാഷണങ്ങൾ നാലു ബൈക്കുകളിലിരുന്ന് ആറംഗ സംഘം അനുകരിക്കുന്നതാണ് ആദ്യം കാണുന്നത്. തുടർന്ന് രണ്ടുപേർ ബൈക്കിൽ അതിവേഗത്തിൽ പായുന്നു. മുന്നിൽപ്പോയ ബൈക്കിനുപിന്നിൽ ഇടിച്ചു നിർത്തുന്നതും ആ ബൈക്ക് പാളിപ്പോകുന്നതുമെല്ലാം വീഡിയോയിൽ കാണാം.

അപ്രതീക്ഷിത ആഘാതത്തിൽ ഭയപ്പാടോടെ നോക്കുന്ന ബൈക്ക് യാത്രക്കാരുടെ ദൃശ്യം തിരിച്ചറിഞ്ഞ നാട്ടുകാരാണു വിവരം മോട്ടോർവാഹന വകുപ്പിനെ അറിയിച്ചത്. വൈദ്യുതി ബോർഡ് ജീവനക്കാരൻ പല്ലന സ്വദേശി അൽത്താഫും പിതൃസഹോദരനുമാണ് ഇടിയേറ്റ ബൈക്കിലുണ്ടായിരുന്നത്. അന്വേഷണത്തെ തുടർന്ന് ബൈക്കുടമ കാർത്തികപ്പള്ളി മഹാദേവികാട് നന്ദനത്തിൽ ആകാശ് ശശികുമാറിന്റെ വീട്ടിൽ വ്യാഴാഴ്ച ഉച്ചയോടെ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെത്തി. ബൈക്ക് കസ്റ്റഡിയിലെടുത്തശേഷം ഇയാളുടെ ലൈസൻസ് ആറുമാസത്തേക്കു റദ്ദാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com