പ്രോട്ടോക്കോൾ ലംഘനം; അമ്മ മന്ദിരം ഉദ്ഘാടനത്തിനെതിരെ പരാതിയിമായി യൂത്ത് കോൺഗ്രസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th February 2021 07:23 PM |
Last Updated: 06th February 2021 07:23 PM | A+A A- |
അമ്മ സംഘടനയുടെ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം മമ്മൂട്ടിയും മോഹൻലാലും ചേർന്ന് നിർവ്വഹിക്കുന്നു/ ചിത്രം: ഫേസ്ബുക്ക്
കൊച്ചി: അമ്മ സംഘടനയുടെ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് നടത്തിയതിനെതിരെ യൂത്ത് കോൺഗ്രസ് പരാതി. പരിപാടി സംഘടിപ്പിച്ചത് കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെയാണെന്നാണ് ആരോപണം. സംഘടനാ ഭാരവാഹികൾക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം.
എ സി ഹോളിലെ ഉദ്ഘാടന ചടങ്ങിൽ 150ലധികം ആളുകൾ പങ്കെടുത്തെന്നും കെട്ടിടത്തിന് പുറത്ത് പൊതുജനം തടിച്ച് കൂടിയെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. ഇതു സംബന്ധിച്ച് കൊച്ചി ഡിസിപിക്ക് യൂത്ത് കോൺഗ്രസ് പരാതി നൽകി.
മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് അമ്മയുടെ പുതിയ ബഹുനില കെട്ടിടം ഇന്ന് ഉദ്ഘാടനം ചെയ്തത്. എറണാകുളത്ത് കലൂരാണ് 10 കോടിയോളം രൂപ മുടക്കി അത്യാധുനിക സജ്ജീകരണങ്ങളോടെ കെട്ടിടം നിർമിച്ചിരിക്കുന്നത്. നടീ, നടന്മാർക്ക് എഴുത്തുകാരെയോ സംവിധായകരെയോ കാണാൻ പ്രത്യേക ചേംബറുകൾ ഉൾപ്പടെ മന്ദിരത്തിൽ ഒരുക്കിയിട്ടുണ്ട്. 5 സൗണ്ട് പ്രൂഫ് ഗ്ലാസ് ചേംബറുകളാണു സജ്ജീകരിച്ചിട്ടുള്ളത്. ചലച്ചിത്ര പ്രദർശനത്തിനു സൗകര്യമുള്ള വലിയ ഹാളിൽ എൽഇഡി വോൾ പോലുള്ള സംവിധാനങ്ങളുമുണ്ട്. നാടക, കലാ ശിൽപശാലകൾ പോലുള്ള സാംസ്കാരിക പരിപാടികൾക്കും കെട്ടിടത്തിൽ സൗകര്യമൊരുക്കാനാവും.