കേരളത്തില്‍ അനധികൃത നിയമനങ്ങളുടെ കുംഭമേളയെന്ന് ചെന്നിത്തല ; യുഡിഎഫ് വന്നാല്‍ പുനഃപരിശോധിക്കും : മുല്ലപ്പള്ളി

കേരളത്തില്‍ അനധികൃത നിയമനങ്ങളുടെ കുംഭമേളയാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു
മുല്ലപ്പള്ളി രാമചന്ദ്രന്‍/ ഫയല്‍ ചിത്രം
മുല്ലപ്പള്ളി രാമചന്ദ്രന്‍/ ഫയല്‍ ചിത്രം

കോഴിക്കോട് : യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ അനധികൃത നിയമനങ്ങള്‍ എല്ലാം പുനഃപരിശോധിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സര്‍ക്കാരിന്റെ അവസാന കാലഘട്ടത്തില്‍ ആയിരക്കണക്കിന് പിന്‍വാതില്‍ നിയമനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ സാധ്യമല്ല. അനധികൃത നിയമനങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. 

പബ്ലിക് സര്‍വീസ് കമ്മീഷന്‍ നോക്കുകുത്തിയായിരിക്കുകയാണ്, ലക്ഷോപലക്ഷം യുവതീ യുവാക്കള്‍ കേരളത്തില്‍ തൊഴിലിനായി കാത്തു നില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് രാജവാഴ്ചയുടെ കാലത്തു പോലും ഇല്ലാത്ത തരത്തില്‍ നിയമനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. 

കേരളത്തില്‍ അനധികൃത നിയമനങ്ങളുടെ കുംഭമേളയാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പാര്‍ട്ടി നേതാക്കന്മാരുടെ ഭാര്യമാരെയും ഇഷ്ടക്കാരെയും സര്‍ക്കാര്‍ വ്യാപകമായി സ്ഥിരപ്പെടുത്തുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടാകും. പിണറായി സര്‍ക്കാരിന്റെ കാലത്തേക്കാള്‍ പിഎസ് സി നിയമനങ്ങള്‍ നടന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണെന്നും ചെന്നിത്തല പറഞ്ഞു. 

വിവിധ മതവിഭാഗങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. മുസ്ലിങ്ങളെയും ക്രിസ്ത്യാനികളേയും ഹിന്ദുക്കളേയും ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു. നാലു വോട്ടിന് വേണ്ടി വര്‍ഗീയ വികാരം ഇളക്കിവിടാന്‍ മടിക്കാത്ത പാര്‍ട്ടിയാണ് സിപിഎം. തെരഞ്ഞെടുപ്പില്‍ ഭരണനേട്ടം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള പ്രചാരണത്തിന് സ്‌കോപ്പില്ലാത്തതിനാലാണ് പച്ചയായ വര്‍ഗീയത ആളിക്കത്തിക്കാന്‍ സിപിഎം ശ്രമിക്കുന്നത്. 

ബിജെപിയുമായി അടുത്ത കാലത്ത് സിപിഎം ഉണ്ടാക്കിയിരിക്കുന്ന തില്ലങ്കേരി മോഡല്‍ ബാന്ധവത്തിന്റെ ഭാഗമാണ് ബിജെപിയേക്കാള്‍ ശക്തമായി യുഡിഎഫിനേയും ലീഗിനേയും ആക്രമിക്കുന്നത്. ഒരു മതനിരപേക്ഷ പാര്‍ട്ടിയും ചെയ്യാന്‍ പാടില്ലാത്ത തെറ്റായ കാര്യമാണിത്. ജമാ അത്തെ ഇസ്ലാമിയുമായി പത്തു നാല്‍പ്പതുവര്‍ഷക്കാലം ബന്ധമുണ്ടായിരുന്നു എന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ആയിരുന്ന പാലൊളി മുഹമ്മദ് കുട്ടി സമ്മതിച്ചിരുന്നു. ഇതേക്കുറിച്ച് മുഖ്യമന്ത്രിക്ക് എന്താണ് പറയാനുള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com