ശബരിമല യുഡിഎഫ് പ്രകടനപത്രികയിലും ഉണ്ടാകുമെന്ന് മുല്ലപ്പള്ളി ; നിയമ നിര്‍മ്മാണം സാധ്യമല്ലെന്ന വാദം തെറ്റ്

ശബരിമല നിയമനിര്‍മ്മാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
മുല്ലപ്പള്ളി രാമചന്ദ്രന്‍ / ഫയൽ ചിത്രം
മുല്ലപ്പള്ളി രാമചന്ദ്രന്‍ / ഫയൽ ചിത്രം

കൊച്ചി : ശബരിമല നിയമനിര്‍മ്മാണം യുഡിഎഫിന്റെ പ്രകടനപത്രികയിലും ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.  കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ നിയമനിര്‍മ്മാണം സാധ്യമല്ലെന്ന വാദം തെറ്റാണ്. ശബരിമല നിയമനിര്‍മ്മാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. 

ശബരിമല ആചാരസംരക്ഷണം ഉറപ്പാക്കുന്ന കരട് നിയമം യുഡിഎഫ് പുറത്തുവിട്ടിരുന്നു.  യുഡിഎഫ് അധികാരത്തിലെത്തിയാല്‍ അവതരിപ്പിക്കുന്ന നിയമത്തിന്റെ കരടാണ് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പുറത്തുവിട്ടത്. 

ശബരിമലയില്‍ ആചാരം ലംഘിച്ച് കടന്നാല്‍ രണ്ടു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. തന്ത്രിയാണ് ക്ഷേത്രത്തിന്റെ പരമാധികാരി. അവസാന വാക്ക് തന്ത്രിയുടേതാണ്. തന്ത്രിയുടെ അനുമതിയോടെ പ്രവേശന നിയന്ത്രണം നടപ്പാക്കുമെന്നും യുഡിഎഫിന്റെ കരട് നിയമത്തില്‍ പറയുന്നു. കരട് നിയമം നിയമമന്ത്രി എ കെ ബാലന് നല്‍കാമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. 

ശബരിമലയില്‍ സിപിഎമ്മും ബിജെപിയും ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ശബരിമല സ്ത്രീപ്രവേശനം ഭക്തര്‍ക്ക് മുറിവുണ്ടാക്കിയെന്നും ചെന്നിത്തല പറഞ്ഞു. ശബരിമലയില്‍ പഴയ നിലപാട് തിരുത്തി, പുതിയ സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോ എന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചിരുന്നു. അധികാരത്തിലെത്തിയാല്‍ വിശ്വാസികളുടെ താല്‍പ്പര്യം അനുസരിച്ചുള്ള നിലപാട് സ്വീകരിക്കുമെന്നും യുഡിഎഫ് വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com