കെഎസ്ആര്‍ടിസിയില്‍ 23ന് പണിമുടക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th February 2021 05:21 PM |
Last Updated: 06th February 2021 05:21 PM | A+A A- |
കെഎസ്ആര്‍ടിസി ബസ്/ ഫയല്‍ചിത്രം
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ 23ന് പണിമുടക്കിന് ആഹ്വാനം ചെയ്ത് യുഡിഎഫ് അനുകൂല സംഘടന. സ്വിഫ്റ്റ് കമ്പനി രൂപീകരണത്തില്‍ നിന്ന് പിന്മാറണം, ശമ്പള പരിഷ്‌കരണം നടപ്പാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് സമരം. സ്വിഫ്റ്റ് കമ്പനി രൂപീകരിക്കുന്നതില്‍ തൊഴിലാളി യൂണിയനുകളുടെ എതിര്‍പ്പ് മറികടക്കാന്‍ ഒത്തുതീര്‍പ്പ് നിര്‍ദേശം ധനമന്ത്രി തോമസ് ഐസക് ഇന്നലെ മുന്നോട്ട് വച്ചിരുന്നു. സ്വിഫ്റ്റ് കമ്പനി രൂപീകരിക്കുന്നതില്‍ യൂണിയനുകള്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ അത് പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള സൊസൈറ്റിയാക്കാമെന്നാണ് നിര്‍ദേശം.
ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍, കെഎസ്ആര്‍ടിസി സിഎംഡി ബിജുപ്രഭാകര്‍ എന്നിവര്‍ക്കൊപ്പം യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ധനമന്ത്രി നിര്‍ദേശം മുന്നോട്ട് വെച്ചത്. പരിഷ്‌കരണമില്ലാതെ സര്‍ക്കാര്‍ സഹായം കൊണ്ടു മാത്രം കെഎസ്ആര്‍ടിസിയെ മുന്നോട്ടു കൊണ്ട് പോകാനാകില്ലെന്നും ധനമന്ത്രി പറഞ്ഞു. പിരിച്ചുവിട്ടവര്‍ക്ക് പുനപ്രവേശനവും നിലവിലുള്ളവര്‍ക്ക് തൊഴിലും ശമ്പളവും ഉറപ്പുവരുത്തിയാല്‍ പരിഷ്‌കരണങ്ങളോട് സഹകരിക്കാമെന്ന് യോഗത്തില്‍ സിഐടിയു നിലപാട് സ്വീകരിച്ചു.