മലപ്പുറത്ത് മറ്റൊരു സ്‌കൂളിലും കോവിഡ് വ്യാപനം; 43 അധ്യാപകര്‍ക്കും മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും കോവിഡ്; ആശങ്ക
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th February 2021 10:18 PM |
Last Updated: 07th February 2021 10:18 PM | A+A A- |

പ്രതീകാത്മക ചിത്രം
മലപ്പുറം: മാറാഞ്ചേരി സ്‌കൂളിന് പുറമെ മലപ്പുറത്തെ പെരുമ്പടപ്പ് വന്നേരി സ്‌കൂളിലും കോവിഡ് വ്യാപനം. 53 വിദ്യാര്‍ഥികളില്‍ 43 പേര്‍ക്കും 33 വിദ്യാര്‍ഥികളില്‍ 33 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മാറഞ്ചേരി, വന്നേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ വിദ്യാര്‍ഥികളും അധ്യാപകരും മറ്റു ജീവനക്കാരുമടക്കം 262 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
മാറഞ്ചേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 148 വിദ്യാര്‍ഥികളും അധ്യാപകരും അനധ്യാപകരുമുള്‍പ്പെടെ മറ്റു 39 പേരുമാണു പോസിറ്റീവായത്. രണ്ടു സ്‌കൂളുകളിലും കഴിഞ്ഞ 25 മുതല്‍ പത്താം ക്ലാസുകാര്‍ക്കുള്ള അധ്യയനം തുടങ്ങിയിരുന്നു. വന്നേരി സ്‌കൂളിലെ ഒരു അധ്യാപകന്‍ കഴിഞ്ഞയാഴ്ച കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്നാണ് ഇവിടുത്തെ കുട്ടികളെയും ജീവനക്കാരെയും ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയരാക്കിയത്. നിലവില്‍ കോവിഡ് പോസിറ്റീവായവരോടും അവരുമായി സമ്പര്‍ക്കമുള്ളവരോടും ഹോം ക്വാറന്റീനില്‍ പ്രവേശിക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. ഇരു സ്‌കൂളുകളിലെയും ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ വിദ്യാര്‍ഥികളെയും മറ്റു ജീവനക്കാരെയും ഉടന്‍ പരിശോധിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
പത്താം ക്ലാസ് വിദ്യാര്‍ഥികളാണ് കോവിഡ് പോസിറ്റീവായവരെല്ലാം. ആരുടെയും സ്ഥിതി ഗുരുതരമല്ലെന്നും സ്‌കൂളുകള്‍ അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
മാറഞ്ചേരി സ്‌കൂളിലെ പത്താം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിക്ക് കഴിഞ്ഞയാഴ്ച കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് സമ്പര്‍ക്കമുള്ള മറ്റു കുട്ടികളെയും അധ്യാപകരെയും കഴിഞ്ഞ വെള്ളിയാഴ്ച ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയരാക്കി. ഫലം വന്നപ്പോള്‍ ആകെ പരിശോധിച്ച 632 പേരില്‍ 187 പേര്‍ക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു.