വിവാഹം 5 കിലോമീറ്റർ ദൂരെ, സദ്യയുമായി വന്ന വാനിന് കറങ്ങേണ്ടിവന്നത് 68 കിലോമീറ്റർ
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th February 2021 10:11 AM |
Last Updated: 07th February 2021 10:11 AM | A+A A- |
പ്രതീകാത്മക ചിത്രം
തൃശൂർ; 5 കിലോമീറ്റർ ദൂരെയുള്ള വിവാഹവീട്ടിലേക്ക് സദ്യ എത്തി എത്തിക്കാൻ 68 കിലോമീറ്റർ ചുറ്റിക്കറങ്ങി കേറ്ററിങ് വാൻ. കുതിരാനിലെ കുരുക്കുമൂലം ദേശീയപാതയിലെ ഗതാഗതം സ്തംഭിച്ചതാണ് വിവാഹപ്പാർട്ടിക്കും കേറ്ററിങ്ങുകാർക്കും തലവേദനയായത്. അര കിലോമീറ്റർ ദൂരം മാത്രമുള്ള സ്ഥലത്തെത്താൻ അഞ്ചു മണിക്കൂറാണ് സദ്യയുമായി എത്തിയ വാഹനത്തിന് കറങ്ങേണ്ടിവന്നത്.
വാണിയമ്പാറ പ്ലാക്കോട് സ്വദേശിയുടെ വിവാഹത്തിനാണ് കുതിരാൻ പണി കൊടുത്തത്. വിവാഹം കഴിഞ്ഞു 3 മണിക്കൂർ കാത്തിരുന്നിട്ടും വാൻ എത്താതായപ്പോൾ വീട്ടുകാരും ബന്ധുക്കളും ആശങ്കയിലായെങ്കിലും ഒരു മണിയോടെ സദ്യ എത്തുകയായിരുന്നു. പാണഞ്ചേരിയിലെ പവിത്രം കേറ്ററിങ് യൂണിറ്റിനെയാണ് സദ്യയുടെ ചുമതല ഏൽപ്പിച്ചത്.
മുഹൂർത്തം രാവിലെ 9നു ശേഷമാണെന്നതിനാൽ 10നു ഭക്ഷണം എത്തിക്കാമെന്നാണ് ഏറ്റത്. 11 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ അരമണിക്കൂർ മതിയെങ്കിലും കുരുക്ക് ഉണ്ടെന്നറിഞ്ഞതോടെ രാവിലെ 8നു തന്നെ ഭക്ഷണവുമായി പുറപ്പെട്ടു. വിവാഹ വീട്ടിൽ നിന്ന് 5 കിലോമീറ്ററകലെ വഴുക്കുംപാറയിൽ വരെ വാൻ എത്തിയെങ്കിലും ഗതാഗതക്കുരുക്ക് അതിരൂക്ഷമായി.
വിവരമറിഞ്ഞു വിവാഹവീട്ടുകാരും ആശങ്കയിലായി. മറ്റു വഴിയില്ലെന്നു മനസ്സിലാക്കി ചേലക്കര റോഡിലൂടെ ചുറ്റിവളഞ്ഞു യാത്രചെയ്യാൻ തീരുമാനിച്ചു. തുടർന്നു വാൻ മണ്ണുത്തി ഭാഗത്തേക്കു തിരിച്ചുപോയി മുടിക്കോട്, ചിറക്കാക്കോട്, വടക്കാഞ്ചേരി, ചേലക്കര, എളനാട് വഴി 68 കിലോമീറ്റർ താണ്ടിയാണ് വിവാഹ വീട്ടിലെത്തിയത്. വെള്ളിയാഴ്ച രാത്രി 7 നു കുതിരാനിൽ ചരക്കുലോറി മറിഞ്ഞതിനെ തുടർന്ന് 15 മണിക്കൂറാണ് രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടാക്കിയത്.