'ദൈവത്തെ തള്ളിപ്പറഞ്ഞ് വൈരുധ്യാത്മക ഭൗതികവാദവുമായി മുന്നോട്ടുപോകാനാവില്ല'; എംവി ഗോവിന്ദൻ
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th February 2021 08:22 AM |
Last Updated: 07th February 2021 08:22 AM | A+A A- |
എം.വി. ഗോവിന്ദൻ/ ഫേസ്ബുക്ക്
ഇന്ത്യൻ സമൂഹത്തിൽ വൈരുധ്യാത്മക ഭൗതികവാദം പ്രായോഗികമല്ലെന്ന് സിപിഎം കേന്ദ്രകമ്മറ്റിയംഗം എം.വി. ഗോവിന്ദൻ. നമ്മൾ ഇപ്പോഴും ജൻമിത്വത്തിന്റെ പിടിയിൽനിന്നുപോലും മോചിതരായിട്ടില്ലെന്നും അതിനാൽ മാർക്സിയൻ ദർശനത്തിന്റെ അടിസ്ഥാനമായ വൈരുധ്യാത്മക ഭൗതികവാദം പ്രയോഗിക്കാനാവില്ലെന്നുമാണ് ഗോവിന്ദൻ പറഞ്ഞത്. കെഎസ്ടിഎ കണ്ണൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് നിലപാട് വ്യക്തമാക്കിയത്.
’1798-ലെ ഫ്രഞ്ച് വിപ്ലവത്തെ തുടർന്ന് രൂപം കൊണ്ട ബൂർഷ്വ ജനാധിപത്യത്തിലേക്കുപോലും ഇന്ത്യൻസമൂഹം വളർന്നിട്ടില്ല. ജനാധിപത്യവിപ്ലവം നടക്കാത്ത രാജ്യമാണ് ഇന്ത്യ. ഭൂപ്രഭുത്വം അവസാനിക്കാത്ത രാജ്യമാണ്. ഇന്ത്യൻ സമൂഹത്തിൽ മഹാഭൂരിപക്ഷത്തിന്റെയും മനസ്സ് ജീർണമാണ്. നമ്മളിൽ പലരുടെയും ധാരണ വൈരുധ്യാത്മക ഭൗതികവാദം ഇതിന് പകരം വെയ്ക്കാമെന്നാണ്. ആവില്ല.’ ഗോവിന്ദൻ പറഞ്ഞു.
ബൂർഷ്വാ ജനാധിപത്യത്തിനുപോലും വിലയില്ലാത്തതുകൊണ്ടാണ് ഇന്ത്യയിൽ ഹിന്ദുരാഷ്ട്രം എന്ന വാദം ഉയരുന്നത്. ഹിന്ദുവോ ക്രിസ്ത്യാനിയോ പാഴ്സിയോ ആരുമാകട്ടെ അതിൽ വലിയൊരു വിഭാഗം വിശ്വാസികളാണ്. വിശ്വാസത്തെയും അതിന്റെ അടിസ്ഥാനമായ ദൈവത്തെയും തള്ളിപ്പറഞ്ഞ് വൈരുധ്യാത്മക ഭൗതികവാദമെന്ന ദാർശനികപ്രപഞ്ചത്തെ മുന്നിൽ നിർത്തി ഇന്നത്തെ ഫ്യൂഡൽ പശ്ചാത്തലത്തിൽ മുന്നോട്ടുപോകാനാകുമെന്ന് കരുതുന്നത് തെറ്റാണ്. അത് സാധിക്കില്ല. അതിനാൽ വിശ്വാസികൾക്കും വിശ്വാസമില്ലാത്തവർക്കും പ്രവർത്തിക്കാൻ കഴിയുന്ന ജനാധിപത്യ ഉള്ളടക്കത്തിൽ നിന്നേ പ്രവർത്തിക്കാൻ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി.