ജഡ്ജിക്ക് മുന്‍പില്‍ ഹാജരാക്കാന്‍ വെളിച്ചമുള്ള ഭാഗത്തേക്ക് കൊണ്ടു വരുന്നതിനിടെ കടന്നുകളഞ്ഞു; കാമുകിയെ കാണാന്‍ എത്തിയപ്പോള്‍ പ്രതി പിടിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th February 2021 08:39 AM |
Last Updated: 08th February 2021 08:39 AM | A+A A- |
പ്രതീകാത്മക ചിത്രം
കോഴിക്കോട്: പൊലീസ് സ്റ്റേഷനില്‍ നിന്ന് കടന്നുകളഞ്ഞ കഞ്ചാവ് കടത്തു കേസ് പ്രതി പൊന്നാനിയില്‍ പിടിയിലായി. ഒരു മാസം മുന്‍പ് പൊന്നാനിയിലെ മതസ്ഥാപനത്തില്‍ പാര്‍പ്പിച്ച കാമുകിയെ കാണാന്‍ എത്തിയപ്പോഴാണ് അറസ്റ്റ്. ഈസ്റ്റ് പേരാമ്പ്ര തണ്ടോപ്പാറ കൈപ്പാക്കനിക്കുനിയില്‍ മുഹമ്മദ് സരീഷാണ് (24) പിടിയിലായത്.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് പൊലീസ് സ്റ്റേഷനില്‍ നിന്ന് സരീഷും കൂട്ടുപ്രതി ആവള ചെറുവാട്ട് കുന്നത്ത് മുഹമ്മദ് ഹര്‍ഷാദും കടന്നുകളഞ്ഞത്. ഹര്‍ഷാദിനെ പൊലീസ് ഉടന്‍ തന്നെ പിടികൂടി. കാറില്‍ കടത്തുകയായിരുന്ന 4.2 കിലോഗ്രാം കഞ്ചാവുമായാണ് ഇരുവരെയും പൊലീസ് പിടികൂടിയത്.
എറണാകുളം ജില്ല കേന്ദ്രീകരിച്ചുള്ള ലഹരി സംഘത്തിലെ പ്രധാനിയാണ് സരീഷെന്ന് പൊലീസ് പറഞ്ഞു. മുന്‍പ് കാക്കനാട് ജയിലില്‍ റിമാന്‍ഡിലായിരുന്നപ്പോള്‍ പരിചയപ്പെട്ടവരുമായി ചേര്‍ന്ന് ലഹരി സംഘം വിപുലപ്പെടുത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. വിഡിയോ കോണ്‍ഫറന്‍സിലൂടെ മജിസ്‌ട്രേട്ടിനു മുന്‍പില്‍ ഹാജരാക്കാന്‍ വെളിച്ചമുള്ള ഭാഗത്തേക്കു കൊണ്ടു വരുമ്പോഴാണ് ഇരുവരും പൊലീസുകാരെ കയ്യേറ്റം ചെയ്ത് പുറത്തേക്ക് ഓടിയത്.
സരീഷ് അന്നു രാത്രി ബാലുശ്ശേരിയിലെ ആളില്ലാത്ത വീടിന്റെ ടെറസിനു മുകളിലാണ് കഴിഞ്ഞത്. പിറ്റേന്ന് പുലര്‍ച്ചെ പേരാമ്പ്രയിലെ വീട്ടിലെത്തി വസ്ത്രങ്ങള്‍ എടുത്ത് കടന്നു. പിന്നീടുള്ള ദിവസങ്ങളില്‍ തൃശൂര്‍, കുന്നംകുളം, ഗുരുവായൂര്‍ ഭാഗങ്ങളില്‍ കറങ്ങിനടന്ന ശേഷമാണ് ഇന്നലെ രാവിലെ കാമുകിയെ കാണാന്‍ എത്തിയത്.സരീഷ് ഇവിടെ എത്താനിടയുണ്ടെന്ന നിഗമനത്തില്‍ പൊന്നാനി പൊലീസും ബാലുശ്ശേരി പൊലീസും ഇവിടെ കാത്തു നിന്നിരുന്നു.