ഐഎഫ്എഫ്‌കെ : 'ക്വോ വാഡിസ്, ഐഡ' ഉദ്ഘാടന ചിത്രം ; രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള കോവിഡ് ടെസ്റ്റ് ഇന്നുമുതല്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th February 2021 07:09 AM |
Last Updated: 08th February 2021 07:09 AM | A+A A- |
ഐഎഫ്എഫ്‌കെ ലോഗോ/വെബ്‌സൈറ്റില്‍നിന്ന്
തിരുവനന്തപുരം : 25-ാമത് രാജ്യന്തര ചലച്ചിത്രമേളക്ക് ബുധനാഴ്ച തുടക്കമാകും. മേളയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള കോവിഡ് ആന്റിജന്‍ ടെസ്റ്റ് ഇന്ന് മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ ആരംഭിക്കും. തിരുവനന്തപുരം ജില്ലക്കാര്‍ക്ക് തിങ്കളും ചൊവ്വയുമാണ് പരിശോധന. തിരുവനന്തപുരത്തെ മേളയിലേയ്ക്ക് രജിസ്റ്റര്‍ ചെയ്ത മറ്റുജില്ലക്കാര്‍ക്ക് ചൊവ്വയും ബുധനും പരിശോധന നടക്കും.
കോവിഡ് മാനദണ്ഡം പാലിച്ച് ഇക്കുറി നാലുനഗരങ്ങളിലാണ് മേള സംഘടിപ്പിച്ചിട്ടുള്ളത് .തിരുവനന്തപുരത്ത് 10 മുതല്‍ 14 വരെയും കൊച്ചിയില്‍ 17 മുതല്‍ 21 വരെയും തലശ്ശേരിയില്‍ 23 മുതല്‍ 27 വരെയും പാലക്കാട് മാര്‍ച്ച് ഒന്നു മുതല്‍ അഞ്ചു വരെയും മേള നടക്കും. പാലക്കാടാണ് സമാപനസമ്മേളനം.
ചലച്ചിത്ര മേളയുടെ ഉദ്ഘാടനം ബുധനാഴ്ച വൈകിട്ട് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മേളയുടെ സമഗ്രസംഭാവന പുരസ്‌കാരം വിഖ്യാത സംവിധായകന്‍ ഷീന്‍ ലുക് ഗൊദാര്‍ദിന് വേണ്ടി അടൂര്‍ ഗോപാലകൃഷ്ണന്‍ ഏറ്റുവാങ്ങും. 80 ചിത്രങ്ങളാണ് ഇത്തവണത്തെ മേളയില്‍ പ്രദര്‍ശിപ്പിക്കുക.
ബോസ്‌നിയന്‍ വംശഹത്യയുടെ പിന്നാമ്പുറങ്ങള്‍ തുറന്നുകാട്ടുന്ന 'ക്വോ വാഡിസ്, ഐഡ'യാണ് ഉദ്ഘാടന ചിത്രം.
ഇത്തവണത്തെ ഓസ്‌കര്‍ പട്ടികയിലുള്ള ചിത്രമാണിത്. മത്സരവിഭാഗത്തില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുഴലി, ജയരാജിന്റെ ഹാസ്യം എന്നിവയുണ്ട്. സംസ്ഥാന പുരസ്‌കാരം നേടിയ ബിരിയാണി, വാസന്തി എന്നിവ കലൈഡോസ്‌കോപ്പ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.