താല്‍ക്കാലിക നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് വഴി മാത്രം ; ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിയമം ; അനധികൃത നിയമനങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് ചെന്നിത്തല
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th February 2021 10:03 AM |
Last Updated: 08th February 2021 10:03 AM | A+A A- |
രമേശ് ചെന്നിത്തല / ടെലിവിഷന്‍ ചിത്രം
കോഴിക്കോട് : സംസ്ഥാനത്ത് അനധികൃത നിയമനങ്ങളുടെ കുംഭമേളയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഞ്ചുവര്‍ഷത്തിനിടെ മൂന്നു ലക്ഷം പിന്‍വാതില്‍ നിയമനങ്ങളാണ് നടത്തിയത്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ അനധികൃത നിയമനത്തിനെതിരെ നിയമനിര്‍മ്മാണം നടത്തുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
യുഡിഎഫ് വന്നാല്‍ അനധികൃത നിയമനങ്ങളെല്ലാം പുനഃപരിശോധിക്കും. അനധികൃത നിയമനങ്ങള്‍ ക്രിമിനല്‍ കുറ്റമാക്കും. നിയമത്തിന്റെ കരട് തയ്യാറായി. ഈ നിയമപ്രകാരം ഓരോ വകുപ്പിലെയും മേധാവിമാരോ, അപ്പോയിന്റ് മെന്റ് അതോറിട്ടിയോ വകുപ്പില്‍ ഉണ്ടാകാന്‍ പോകുന്ന ഒഴിവുകള്‍ പിഎസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. റിപ്പോര്‍ട്ട് ചെയ്യുന്ന തസ്തിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കേണ്ടതാണ്.
പിഎസ് സി റാങ്ക്‌ലിസ്റ്റ് നിലനില്‍ക്കെ താല്‍ക്കാലിക നിയമനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത വകുപ്പ് തലവന്മാര്‍ക്കെതിരെയും ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യും. ഇതിന്റെ ശിക്ഷ മൂന്നു മാസം മുതല്‍ രണ്ടു വര്‍ഷം വരെ മാത്രമായിരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
താല്‍ക്കാലിക നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാക്കും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഒരു അവസരവും ലഭിക്കാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിലും കരാര്‍ നിയമനങ്ങളും പിന്‍വാതില്‍ നിയമനങ്ങളും നടക്കുന്നത്.
പിഎസ് സി ഒഴിവ് റിപ്പോര്‍ട്ട് ചെയ്യുന്നതിനും നിയമം കൊണ്ടുവരും. കരട് നിയമം യുഡിഎഫില്‍ ചര്‍ച്ച ചെയ്യും. ഇതിനു ശേഷം അന്തിമമായ നിയമം തയ്യാറാക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
കാലടി സര്‍വകലാശാലയിലെ നിയമന വിവാദം പുറത്തുകൊണ്ടുവന്നത് ഇന്റര്‍വ്യൂ ബോര്‍ഡിലുള്ളവരാണ്. മോഷണം കയ്യോടെ പിടികൂടിയപ്പോള്‍ പിടിച്ചവരെ മോഷ്ടാവ് ആക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.