കെഎസ്ആര്‍ടിസി ബസ് അല്ല, മുഖ്യമന്ത്രിയെ തട്ടിക്കൊണ്ടു പോയാലും ആരും അറിയില്ല; പരിഹാസവുമായി ചെന്നിത്തല

കേരളത്തില്‍ മുഖ്യമന്ത്രിയെ തട്ടിക്കൊണ്ടുപോയാലും ആരുമറിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ നിന്ന്/ഫെയ്‌സ്ബുക്ക്‌
രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ നിന്ന്/ഫെയ്‌സ്ബുക്ക്‌


പാലക്കാട്: കേരളത്തില്‍ മുഖ്യമന്ത്രിയെ തട്ടിക്കൊണ്ടുപോയാലും ആരുമറിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസ് മോഷണം പോയ സംഭവത്തെക്കുറിച്ച് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ഐശ്വര്യ കേരള യാത്രയ്ക്ക് പാലക്കാട് തരൂരില്‍ നല്‍കിയ സ്വീകരണത്തിലാണ് ചെന്നിത്തലയുടെ പരിഹാസം. 

'കൊട്ടാരക്കര ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസ് അര്‍ധരാത്രി ആരോ മോഷ്ടിച്ച് കൊണ്ടുപോയിരിക്കുന്നു. ആ മോഷ്ടാവിനെക്കുറിച്ച് ഇതുവരെ പൊലീസിന് യാതൊരു വിവരവും ഇല്ല. മുഖ്യമന്ത്രിയെ തട്ടിക്കൊണ്ടുപോയാലും ഇവിടെ ആരുമറിയില്ല. എന്തൊരു നാടാണിത്. കള്ളന്മാരെല്ലാം ഇപ്പോള്‍ കേരളത്തിലാണ്. തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തില്‍ ഇപ്പോള്‍ കള്ളന്മാരില്ല. കാരണം പിണറായി ഭരിക്കുന്നത് കൊണ്ട് അവരെല്ലാം ഇപ്പോള്‍ കേരളത്തിലാണ്. ഇത്രയും മോഷണവും പിടിച്ചുപറിയും നടക്കുന്ന കാലം കേരളത്തിലുണ്ടായിട്ടുണ്ടോ? സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ ഇത്രയേറെ നടന്ന കാലമുണ്ടായിട്ടുണ്ടോ? 35 രാഷ്ട്രീയ കൊലപാതകങ്ങള്‍, ഏഴ് കസ്റ്റഡി മരണങ്ങള്‍, വാളയാറിലെ പിഞ്ചുകുട്ടികളോട് പോലും നീതി പുലര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല'- രമേശ് ചെന്നിത്തല പറഞ്ഞു. 

കേരളത്തില്‍ അരാജകത്വം കൊടികുത്തി വാഴുകയാണെന്നും ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം ആരോപിച്ചു. 'മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്ത് നടക്കുന്നു, പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ കഞ്ചാവ് കച്ചവടം നടത്തുന്നു. കേരളത്തെ അപമാനിച്ച സര്‍ക്കാരാണിത്, പാവപ്പെട്ടവനെ വേട്ടയാടിയ സര്‍ക്കാരാണിത്'- ചെന്നിത്തല പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com