തച്ചങ്കരിയോ സുധേഷ് കുമാറോ ?; പുതിയ ഡിജിപിക്കായി ചർച്ചകൾ സജീവം
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th February 2021 08:53 AM |
Last Updated: 08th February 2021 08:53 AM | A+A A- |

ടോമിന്‍ തച്ചങ്കരി, സുധേഷ് കുമാര്‍ / ഫയല്‍ ചിത്രം
തിരുവനന്തപുരം : പുതിയ പൊലീസ് മേധാവി സംബന്ധിച്ച ചർച്ചകൾ വീണ്ടും ഊർജ്ജിതമായി. ഡിജിപി ലോക്നാഥ് ബെഹ്റ സിബിഐ ഡയറക്ടർ പാനലിൽ ഉൾപ്പെട്ടതോടെയാണ് ചർച്ചകൾ മുറുകിയത്. നിയമസഭ തെരഞ്ഞെടുപ്പു വേളയിൽ പുതിയ ഡിജിപി വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചാലും പൊലീസ് തലപ്പത്ത് പുതിയ മേധാവി എത്തും.
ഡിജിപി പദവിയിലേക്ക് ടോമിൻ ജെ തച്ചങ്കരിയും സുധേഷ് കുമാറുമാണ് രംഗത്തുള്ളത്. ഇരുവർക്കുമായി ഐപിഎസുകാർ ചേരി തിരിഞ്ഞ് നീക്കങ്ങൾ ശക്തമാക്കി. സിബിഐ ഡയറക്ടറായില്ലങ്കില്‍ ബെഹ്റ വിരമിക്കും വരെ പൊലീസ് മേധാവിയായി തുടരും. ലോക്നാഥ് ബെഹ്റ ജൂണ്‍ 30ന് വിരമിക്കും.
സീനിയോരിറ്റിയില്‍ മുന്‍പിലാണ് എന്നതും മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുപ്പവും ടോമിൻ തച്ചങ്കരിക്ക് അനുകൂലമാണ്. അനധികൃതസ്വത്ത് സമ്പാദനകേസ് നിലനില്‍ക്കുന്നത് തടസമാകുന്നത് ഒഴിവാക്കാനായി, ആ കേസില്‍ സര്‍ക്കാര്‍ തുടരന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഉടൻ അന്വേഷണം പൂർത്തിയാക്കാനാണ് മുഖ്യമന്ത്രിയുടെ നിർദേശം. റിപ്പോർട്ട് കോടതിയും അംഗീകരിക്കുകയാണെങ്കിൽ തച്ചങ്കരിക്കു സാധ്യത കൂടും. മറിച്ചെങ്കിൽ സുധേഷ് കുമാറിനെ മേധാവിയാക്കണമെന്നാണ് മറുപക്ഷത്തിന്റെ വാദം.
തെരഞ്ഞെടുപ്പു കാലത്ത് കേരളത്തിൽ ‘ഇലക്‌ഷൻ ഡിജിപി’ വേണമെന്ന് തെരഞ്ഞെടുപ്പു കമ്മിഷൻ തീരുമാനിച്ചാൽ ടോമിൻ തച്ചങ്കരിയെയും പരിഗണിക്കും. തെരഞ്ഞെടുപ്പു വിജ്ഞാപനം മുതൽ ഫലപ്രഖ്യാപനം വരെ 45 ദിവസത്തേക്കാണ് ഇത്തരം നിയമനം. വിജിലൻസ് കേസ് ഇതിനു തടസ്സമല്ല.
ആ സമയം ഇലക്‌ഷൻ ഡിജിപിക്കായിരിക്കും സംസ്ഥാന പൊലീസ് മേധാവിയുടെ പൂർണ ചുമതല. ഇലക്‌ഷൻ ഡിജിപി വന്നാൽ ബെഹ്റ പൊലീസ് ആസ്ഥാനത്തു തുടരുമെങ്കിലും ക്രമസമാധാന വിഷയത്തിൽ ഇടപെടില്ല. എന്നാൽ ഈ തസ്തിക വേണോ വേണ്ടയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയില്ല.
സിബിഐ ഡയറക്ടറായില്ലെങ്കിൽ ബെഹ്റയെ കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ (സിയാൽ) ചെയർമാനും മാനേജിങ് ഡയറക്ടറുമായി (സിഎംഡി) നിയമിക്കുന്നതും സർക്കാർ പരിഗണിക്കുന്നുണ്ട്.