കഴുത്തില്‍ കത്തിവയ്ക്കും മുമ്പ് ദൈവം രക്ഷകനായി എത്തുമെന്ന് ഷാഹിദ ; കത്തി വാങ്ങിച്ചത് ഭര്‍ത്താവിനെക്കൊണ്ട് ;  കൊലയ്ക്ക് പിന്നില്‍ തീവ്രമത ഗ്രൂപ്പുകളുടെ സ്വാധീനം ?

ഷാഹിദ ആവശ്യപ്പെട്ടപ്രകാരം പുതിയ കത്തിവാങ്ങി നല്‍കിയതായി ഭര്‍ത്താവ് സുലൈമാന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്
കൊല്ലപ്പെട്ട ആമില്‍, പ്രതി ഷാഹിദ
കൊല്ലപ്പെട്ട ആമില്‍, പ്രതി ഷാഹിദ

പാലക്കാട്: പാലക്കാട് ആറുവയസ്സുകാരനെ അമ്മ ബലി നല്‍കിയ സംഭവത്തില്‍ തീവ്ര മതവിശ്വാസം പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകള്‍ക്ക് ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നു. തീവ്ര മതവിശ്വാസ ഗ്രൂപ്പുകളുടെ സ്വാധീനത്തില്‍ പ്രതിയായ ഷാഹിദ അകപ്പെട്ടു എന്നാണ് പൊലീസിന്റെ സംശയം. ഇത് സാധൂകരിക്കുന്ന ചില തെളിവുകള്‍ പൊലീസിന് ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. 

കുട്ടിയുടെ കഴുത്തില്‍ കത്തിവയ്ക്കും മുമ്പ് ദൈവം രക്ഷകനായി എത്തുമെന്ന ഷാഹിദയുടെ മൊഴി കേന്ദ്രീകരിച്ചാണ് അന്വേഷണം. യുവതി തീവ്ര മതവിശ്വാസ ഗ്രൂപ്പുകളുടെ സ്വാധീനത്തില്‍ അകപ്പെട്ടു എന്നു സാധൂകരിക്കുന്ന ഗ്രന്ഥങ്ങളും മൊഴിയും പൊലീസിന് കിട്ടി. ഷാഹിദയുടെ ഫോണില്‍ നിന്ന് അനുബന്ധ വിവരങ്ങള്‍ ശേഖരിക്കാനുളള ശ്രമങ്ങളും അന്വേഷണ സംഘം തുടങ്ങിയിട്ടുണ്ട്. 

ആറുവര്‍ഷം പുതുപ്പളളിത്തെരുവിലെ മദ്രസുത്തുല്‍ ഹുദാ ഇസ്ലാമിക് സെന്ററിലെ അധ്യാപികയായിരുന്നു പ്രതി ഷാഹിദ. ലോക്ഡൗണ്‍ കാലത്ത് അധ്യാപനത്തിന് പോയില്ല. ഈ സമയം മതപരമായ സമൂഹമാധ്യമ കൂട്ടായ്മകളില്‍ സജീവമായിരുന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം. 

ശനിയാഴ്ച വൈകീട്ട് ഷാഹിദ ആവശ്യപ്പെട്ടപ്രകാരം പുതിയ കത്തിവാങ്ങി നല്‍കിയതായി ഭര്‍ത്താവ് സുലൈമാന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഷാഹിദയ്ക്ക് മാനസിക വിഭ്രാന്തിയെന്ന അയല്‍വാസികളുടെ വാദവും പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. 

പൂളക്കാട് സുലൈമാന്റെ മകന്‍ ആമില്‍ ഇഹ്‌സാന്‍ ആണ് ഉമ്മ ഷാഹിദ ദാരുണമായി കൊല്ലപ്പെടുത്തിയത്. ഷാഹിദ തന്നെയാണ് പൊലീസിന്റെ 112 എന്ന സഹായ നമ്പറില്‍ വിളിച്ചു വിവരം അറിയിച്ചത്. സംഭവത്തില്‍  ഗര്‍ഭിണി കൂടിയായ ഷഹീദയെ (32) ടൗണ്‍ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com