'ഒരിടത്തി'ലെ ആ കുളം ഇതാണ്'; അന്‍പതു വര്‍ഷം മുമ്പത്തെ കഥയുടെ പശ്ചാത്തല ചിത്രവുമായി സക്കറിയ

'ഒരിടത്തി'ലെ ആ കുളം ഇതാണ്'; അന്‍പതു വര്‍ഷം മുമ്പത്തെ കഥയുടെ പശ്ചാത്തല ചിത്രവുമായി സക്കറിയ
സക്കറിയ/ഫെയ്‌സ്ബുക്ക്‌
സക്കറിയ/ഫെയ്‌സ്ബുക്ക്‌

ക്കറിയയുടെ ഏറെ പ്രസിദ്ധമായ കഥയാണ് ഒരിടത്ത്. വീട്ടുമുറ്റത്തെ കുളവും അതിലെ താമസക്കാരായ തവളകളുമാണ് ഒരിടത്തിലെ കഥാപാത്രങ്ങള്‍. ഈ കഥ ഉള്‍പ്പെടുന്ന സമാഹാരത്തിന് പിന്നീട് സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 1971ല്‍ എഴുതിയ ആ കഥയുടെ പശ്ചാത്തലമായ കുളത്തിന്റെ യഥാര്‍ഥ ചിത്രം പങ്കുവയ്ക്കുകയാണ്, അഞ്ചു പതിറ്റാണ്ടിനിപ്പുറം ഈ കുറിപ്പില്‍ സക്കറിയ. 

സക്കറിയയുടെ കുറിപ്പ്: 


1971ല്‍ ഞാന്‍ 'ഒരിടത്ത്' എന്ന പേ രില്‍ ഒരു കഥ എഴുതി. ഒരു വീട്ടുമുറ്റത്തെ കുളവും അതിലെ താമസക്കാരായ തവളകളും  വീട്ടിലെ പൂച്ചയും കുഞ്ഞുങ്ങളുമാണ് അതിലെ കഥാപാത്രങ്ങള്‍. 
ആ കഥ ഞാന്‍ സങ്കല്‍പ്പിച്ചത് ഒരു യഥാര്‍ത്ഥ കുളത്തിനും വീടിനും മുറ്റത്തിനും ചുറ്റുമായിരുന്നു. ഈയിടെ ആ വീട്ടില്‍ പോയപ്പോള്‍ ആ കുളത്തിന്റെ  ചിത്രങ്ങള്‍ എടുത്തു. 
അന്ന് കുളത്തിനടുത്ത് തണല്‍മരവും നടക്കെട്ടുകളും ഇല്ലായിരുന്നു. അതിനു ഇത്രയും ആഴവും ഇല്ലായിരുന്നു. വെള്ളവും കരയും ഏതാണ്ട് സമനിരപ്പായിരുന്നു. കുളം ആകാശം നോക്കി കിടക്കുകയായിരുന്നു. ചുറ്റും ഒരു പുല്‍ത്തകിടി  ഉണ്ടായിരുന്നു. ഞാനോര്‍ത്തു: അത് അതിന്റെ സ്വന്തം ലോകത്തില്‍ വെയിലും നിഴലും മീനുകളും തവളകളും പൊഴിഞ്ഞു വീണ ഇലകളുമായി പല  പരിണാമങ്ങളിലൂടെ ജീവിതം തുടരുന്നു. തവളകളുടെ ഒരു പക്ഷെ ആയിരം തലമുറകള്‍ അതിന്റെ ജലപ്പരപ്പിന്മേല്‍ കടന്നു പോയിരിക്കാം. എന്റെ കഥ അതിനു ചുറ്റും ഒരിക്കല്‍ ഒളിഞ്ഞു നടന്നത് അത് അറിഞ്ഞിട്ടുമില്ല. മനോഹരമായ  നിസ്സംഗത. സുന്ദരമായ അന്യത.
കഥ ഓര്‍മ്മ യുള്ളവര്‍ക്കുവേണ്ടി ഈ ചിത്രങ്ങള്‍. 
(എന്റെ അപ്പന്റെ ഏറ്റവും ഇളയ അനുജന്‍ പരേതനായ തൊമ്മച്ചന്റെ വീട്ടുമുറ്റത്താണ് ഈ കുളം  ചെങ്ങളം നായിപ്ലാവില്‍ മുണ്ടാട്ടുചുണ്ടയില്‍. ഇന്നവിടെ താമസിക്കുന്നത് അദ്ദേഹത്തിന്റെ മകന്‍ ജോസും കുടുംബവും ആണ്.)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com