ഐഎഫ്എഫ്കെ: 20 പേർക്ക് കോവിഡ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th February 2021 07:42 PM |
Last Updated: 09th February 2021 07:42 PM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് നാലിടങ്ങളിലായി നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ആദ്യ ഘട്ടം തിരുവനന്തപുരത്ത് ബുധനാഴ്ച ആരംഭിക്കാനിരിക്കേ, മേളയ്ക്കായി രജിസ്റ്റർ ചെയ്ത 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ടാഗോർ തിയേറ്ററിൽ നടത്തിയ പരിശോധനയിലാണ് 20 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1500 പേരെ പരിശോധിച്ചതിലാണ് ഇരുപത് പേർക്ക് വൈറസ് ബാധ കണ്ടെത്തിയത്.
നാളെ കൂടി ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ ഡെലിഗേറ്റുകൾക്ക് കോവിഡ് പരിശോധനയ്ക്ക് അവസരമുണ്ടാവും. അതിനു ശേഷം എത്തുന്ന ഡെലിഗേറ്റുകൾ സ്വന്തം നിലയിൽ പരിശോധന നടത്തേണ്ടി വരും.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇക്കുറി ചലച്ചിത്രമേള നടക്കുന്നത്. നാല് നഗരങ്ങളിലായി പല ഘട്ടങ്ങളിലായാണ് ഇക്കുറി ചലച്ചിത്രമേള. 2500 പേർക്കാണ് തിരുവനന്തപുരത്ത് ആകെ പ്രവേശനം അനുവദിക്കുന്നത്. വിവിധ തീയേറ്ററുകളിലായി ഇതുവരെ 2116 സീറ്റുകൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. തിയേറ്ററുകളിലെ പകുതി സീറ്റിൽ മാത്രമാണ് പ്രവേശനം. മുൻകൂട്ടി റിസർവ് ചെയ്തായിരിക്കും പ്രവേശനം. സീറ്റ് നമ്പർ അനുസരിച്ചാവും ഡെലിഗേറ്റുകളെ ഇരുത്തുക. കൈരളി, ശ്രീ, നിള, കലാഭവൻ, ടാഗോർ, നിശാഗന്ധി തുടങ്ങിയ തിയേറ്ററുകളിലാണ് സിനിമ പ്രദർശിപ്പിക്കുക.