സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘര്‍ഷം, പ്രതിഷേധക്കാര്‍ക്ക് നേരെ ജലപീരങ്കിയും ലാത്തിച്ചാര്‍ജും; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th February 2021 08:33 PM |
Last Updated: 09th February 2021 08:41 PM | A+A A- |
സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചപ്പോള്‍/ ടെലിവിഷന്‍ ചിത്രം
തിരുവനന്തപുരം: പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന്
മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന്‍ പൊലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.അതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.
അതിനിടെ സിവില്‍ പൊലീസ് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ സെക്രട്ടേറിയറ്റിനു മുന്നിലെ കെട്ടിടത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി. നാല് ഉദ്യോഗാര്‍ഥികളാണു കെട്ടിടത്തിലേക്ക് ഓടിക്കയറിയത്. പൊലീസ് പിന്നാലെ കയറി പ്രതിഷേധക്കാരെ പിന്തിരിപ്പിച്ചു.
'സര്‍ക്കാരേ കണ്ണു തുറക്കൂ' എന്നെഴുതിയ ബോര്‍ഡുകളുമായാണ് ഉദ്യോഗാര്‍ഥികള്‍ കെട്ടിടത്തിനു മുകളിലേക്ക് കയറിയത്. മറ്റുള്ളവര്‍ റോഡില്‍ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ചു. സര്‍വകലാശാല കത്തിക്കുത്ത് കേസിനെത്തുടര്‍ന്ന് സിവില്‍ പൊലീസ് റാങ്ക് ലിസ്റ്റിലെ നിയമനം മുടങ്ങിയിരുന്നു. പിന്നീട് കോവിഡ് വന്നതിനാല്‍ നിയമനം നടന്നില്ല. റദ്ദായ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടി നിയമനം നടത്തണമെന്നാണ് ആവശ്യം.