ആശുപത്രിയിലേക്ക് പോകും വഴി ’108’ ആംബുലൻസിൽ യുവതികൾക്ക് സുഖ പ്രസവം
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th February 2021 07:08 AM |
Last Updated: 09th February 2021 07:08 AM | A+A A- |
പ്രതീകാത്മക ചിത്രം
പത്തനംതിട്ട: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലൻസിനുള്ളിൽ യുവതികൾക്ക് സുഖ പ്രസവം. പത്തനംതിട്ടയിലും തൃശൂരിലും ‘കനിവ് 108’ ആംബുലൻസിലാണ് യുവതികൾ പ്രസവിച്ചത്. പത്തനംതിട്ട തിരുവല്ല കോയിപ്രം താവളത്തിൽ റോയ്സിന്റെ ഭാര്യ മേഘ (24) പെൺകുഞ്ഞിനും തൃശൂർ അതിരപ്പള്ളി ആനക്കയം മുക്കുംപുഴ കോളനയിൽ സുബീഷിന്റെ ഭാര്യ മിനിക്കുട്ടി (32) ആൺകുഞ്ഞിനും ജന്മം നൽകി.
പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്‌ച പുലർച്ചെയാണ് മേഘയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ നിന്ന് ഉടൻ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റാൻ ഡോക്ടർ നിർദേശം നൽകി. തുടർന്ന് കൺട്രോൾ റൂമിൽ നിന്നുള്ള നിർദേശാനുസരണം പുലർച്ചെ 5.30ന് തിരുവല്ല താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്‌നിഷ്യൻ ടിഡി രാജീവ്, പൈലറ്റ് പി അരുൺ എന്നിവരുടെ നേതൃത്വത്തിൽ കോട്ടയത്തേക്ക് യാത്ര തിരിച്ചു.
യാത്രാമധ്യേ ചങ്ങനാശേരി മന്ദിരം കവല ഭാഗത്ത് വച്ച് 6.08ന് മേഘ പെൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു. പ്രഥമ ശുശ്രൂഷ നൽകി അമ്മയെയും കുഞ്ഞിനെയും കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.
രാവിലെ 7.30നാണ് തൃശൂർ അതിരപ്പിള്ളി ആനക്കയം മുക്കുംപുഴ കോളനിയിൽ സുബീഷിന്റെ ഭാര്യ മിനിക്കുട്ടിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ആംബുലൻസ് പൈലറ്റ് വിനീഷ് വിജയൻ, എമർജൻസി മെഡിക്കൽ ടെക്‌നിഷ്യൻ സിജി ജോസ് എന്നിവർ സ്ഥലത്തെത്തി മിനിക്കുട്ടിയെ ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്കു പുറപ്പെട്ടു.
8.45ന് പുളിയലപാറ എത്തിയപ്പോൾ മിനിക്കുട്ടി ആൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു. പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഇവരെ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സുബീഷ്–മിനിക്കുട്ടി ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണ് ഇത്.