ഗൂഗിൾ മാപ്പ് ചതിച്ചു; ഡ്രൈവർ ലോറിയുമായി എത്തിയത് ചെറിയ റോഡിൽ; വണ്ടിയിടിച്ച് വൈദ്യുതക്കമ്പി പൊട്ടിവീണു; ഒഴിവായത് വലിയ ദുരന്തം
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th February 2021 10:33 AM |
Last Updated: 09th February 2021 10:33 AM | A+A A- |

പ്രതീകാത്മക ചിത്രം
കോട്ടയം: വണ്ടിയോടിച്ച ഡ്രൈവറെ ഗൂഗിൾ മാപ്പ് ചതിച്ചു. ഗൂഗിൾ വിവരങ്ങൾ തെറ്റായി കാണിച്ചതോടെ ട്രെയ്‌ലർ ലോറി തട്ടി വൈദ്യുതക്കമ്പി പൊട്ടിവീണു. ഒഴിവായതു വൻദുരന്തം. പുലർച്ചെ ഒരുമണിയോടെ കോട്ടയം നഗരത്തിലാണ് സംഭവം.
നഗരത്തിൽ നിന്ന് ഏറ്റുമാനൂർ ഭാഗത്തേക്കു പോയ ട്രെയ്‌ലർ ലോറിയുടെ കണ്ടെയ്നർ വൈദ്യുതക്കമ്പിയിൽ തട്ടുകയായിരുന്നു. എംസി റോഡിലൂടെ ഗൂഗിൾ മാപ്പ് നോക്കിയെത്തിയ ഡ്രൈവർ പുത്തേട്ട് ഭാഗത്തു നിന്നു സൂര്യകാലടി മന– മോസ്കോ ഭാഗത്തേക്കുള്ള റോഡിലേക്കു തിരിഞ്ഞു. വലിയ വാഹനങ്ങൾക്കു കടന്നുപോകാൻ ബുദ്ധിമുട്ടുള്ള റോഡിലൂടെ എത്തിയ ലോറി തട്ടിയതോടെ വൈദ്യുതക്കമ്പികൾ പൊട്ടി റോഡിലേക്ക് വീഴുകയായിരുന്നു.
റോഡിൽ ഗതാഗതം പൂർണമായി തടസ്സപ്പെട്ട നിലയിലാണ്. ഗാന്ധിനഗർ പൊലീസ് സ്ഥലത്തെത്തി അപകടം ഒഴിവാക്കുന്നതിനുള്ള നടപടികൾ ചെയ്ത ശേഷം വൈദ്യുതി വകുപ്പിനെ അറിയിച്ചു. പ്രശ്നം പരിഹരിക്കാൻ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ നടപടികളെടുത്തു.