കാട്ടുപന്നിക്കു വച്ച കെണിയിൽ കുടുങ്ങിയത് പുലി; പരിക്കേറ്റ് അവശനായി; ഒടുവിൽ വനത്തിലേക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th February 2021 07:34 AM |
Last Updated: 09th February 2021 08:27 AM | A+A A- |

പ്രതീകാത്മക ചിത്രം
തൊടുപുഴ: മറയൂരിൽ തലയാറിലെ തേയിലത്തോട്ടത്തിനുള്ളിൽ സ്ഥാപിച്ച കെണിയിൽ കുടുങ്ങിയ പുലിയെ വനപാലക സംഘം രക്ഷപ്പെടുത്തി വനത്തിൽ തുറന്നുവിട്ടു. 6 വയസ് പ്രായമുള്ള ആൺപുലിയാണ് കെണിയിൽപ്പെട്ടത്. കെണിയിൽ കുടുങ്ങി കാലിൽ പരിക്കേറ്റ പുലിയെ വലയിലേക്കു മാറ്റി ചികിത്സ നൽകിയതിനു ശേഷം വനത്തിൽ തുറന്നുവിടുകയായിരുന്നു.
തോട്ടം മേഖലയിലെത്തുന്ന കാട്ടുപന്നിയെയും മറ്റു വന്യമൃഗങ്ങളെയും പിടികൂടാൻ വേട്ടക്കാർ വച്ച കെണിയിലാണ് പുലി കുടുങ്ങിയതെന്ന് വനപാലകർ പറഞ്ഞു. ഇന്നലെ രാവിലെ 10 മണിയോടെയാണ് കെണിയിൽ കുടുങ്ങിയ പുലിയെ കണ്ടെത്തിയത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് മൂന്നാർ എസിഎഫ് സജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം എത്തി പുലിയെ രക്ഷിച്ചു വനത്തിൽ തുറന്നുവിട്ടത്. കുറച്ചുനാൾ മുൻപ് അടിമാലി മാങ്കുളത്ത് പുലിയെ കെണിവച്ചു പിടിച്ച് കറിവച്ചു തിന്ന സംഭവം ഉണ്ടായിരുന്നു. ആ സംഭവത്തിൽ 5 പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തിരുന്നു.
ഇത്തവണയും തേയിലത്തോട്ടം തൊഴിലാളികൾ കെണി കണ്ടില്ലായിരുന്നെങ്കിൽ നായാട്ടുസംഘം പുലിയെ കൊലപ്പെടുത്താനായിരുന്നു സാധ്യത. പ്രതികൾക്കായി അന്വേഷണം ഊർജിതപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി. അതിനിടെ പുലിയെ കെണിയിൽ നിന്നു സംഭവ സ്ഥലത്തു തന്നെ തുറന്നുവിട്ടതിൽ നാട്ടുകാർ പ്രതിഷേധിച്ചു.