പാലാ നല്‍കില്ല, മാണി സി കാപ്പന് കുട്ടനാട് മല്‍സരിക്കാമെന്ന് മുഖ്യമന്ത്രി; പ്രഫുല്‍ പട്ടേലിനെ അറിയിച്ചു ; ടിപി പീതാംബരന്‍ ഡല്‍ഹിയ്ക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th February 2021 11:19 AM |
Last Updated: 10th February 2021 11:19 AM | A+A A- |
ഫയല്‍ ചിത്രം
തിരുവനന്തപുരം : പാലാ സീറ്റ് നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്‍സിപി നേതാക്കളെ അറിയിച്ചു. എന്‍സിപി ദേശീയ നേതാവ് പ്രഫുല്‍ പട്ടേലിനെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഫോണിലൂടെയാണ് മുഖ്യമന്ത്രി പ്രഫുല്‍ പട്ടേലുമായി സംസാരിച്ചത്.
പാലാ സീറ്റ് നിലവിലെ സാഹചര്യത്തില്‍ എന്‍സിപിക്ക് നല്‍കാനാവില്ല. മാണി സി കാപ്പന് വേണമെങ്കില്‍ കുട്ടനാട്ടു നിന്ന് മല്‍സരിക്കാം. ഇടതുമുന്നണി എല്ലാവിധ പിന്തുണയും നല്‍കുമെന്നും പിണറായി വിജയന്‍ എന്‍സിപി നേതൃത്വത്തെ അറിയിച്ചു. പാലായ്ക്ക് പുറമെ, ഏലത്തൂര്‍ സീറ്റും ഏറ്റെടുക്കാന്‍ സിപിഎം ആലോചിക്കുന്നുണ്ട്.
സിപിഎം തീരുമാനത്തില്‍ എന്‍സിപി കടുത്ത അതൃപ്തിയിലാണ്. എന്‍സിപി മുന്നണി മാറ്റം അടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരനെ എന്‍സിപി ദേശീയ നേതൃത്വം അടിയന്തരമായി ഡല്‍ഹിയ്ക്ക് വിളിപ്പിച്ചു. ഇന്നു തന്നെ പീതാംബരനും ശരദ് പവാര്‍, പ്രഫുല്‍ പട്ടേല്‍ അടക്കമുള്ള നേതാക്കളുമായി ചര്‍ച്ച നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പാലാ സീറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി മാണി സി കാപ്പന്‍ എംഎല്‍എ ഡല്‍ഹിയിലുണ്ട്. പാലാ സീറ്റ് വിട്ടുകൊടുക്കാനാവില്ലെന്നാണ് മാണി സി കാപ്പന്റെ നിലപാട്. പാലാ സീറ്റ് വിട്ടുകൊടുക്കേണ്ട അവസ്ഥ വന്നാല്‍ യുഡിഎഫിലേക്ക് പോകണമെന്നും മാണി സി കാപ്പന്റെ ഒപ്പമുള്ള വിഭാഗം ആവശ്യപ്പെടുന്നു. അതേസമയം എന്‍സിപി യുഡിഎഫിലേക്ക് ചേക്കേറിയാല്‍ എ കെ ശശീന്ദ്രന്‍ വിഭാഗം എന്തു നിലപാട് സ്വീകരിക്കും എന്നതും ശ്രദ്ധേയമാണ്.