സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോ​ഗം ഇന്ന് ; വിവാദ വിഷയങ്ങൾ ചർച്ചയാകും

ശബരിമല, നിയമന വിവാദങ്ങളെ പ്രതിരോധിക്കുന്നത് എങ്ങനെയെന്ന് യോ​ഗം ചര്‍ച്ച ചെയ്യും
മുഖ്യമന്ത്രി പിണറായി വിജയന്‍ / ഫയല്‍ ചിത്രം
മുഖ്യമന്ത്രി പിണറായി വിജയന്‍ / ഫയല്‍ ചിത്രം

തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോ​ഗം ഇന്ന് ചേരും. ശബരിമല, അനധികൃത നിയമന വിവാദങ്ങൾ ചർച്ചയാകും. സീറ്റ് വിഭജനം, ഇടതുമുന്നണി മേഖലാ ജാഥയുടെ ഒരുക്കങ്ങൾ വിലയിരുത്തൽ തുടങ്ങിയവയും യോ​ഗം പരി​ഗണിച്ചേക്കും. ശബരിമല, നിയമന വിവാദങ്ങളെ പ്രതിരോധിക്കുന്നത് എങ്ങനെയെന്ന് യോ​ഗം ചര്‍ച്ച ചെയ്യും. 

പതിമൂന്നിനു  തുടങ്ങുന്ന ഇടതുമുന്നണി മേഖലാ ജാഥകളില്‍ പ്രതിരോധം തീര്‍ത്തുതുടങ്ങാനാണ് തീരുമാനം. ചർച്ച വികസന അജണ്ടയിലേക്ക് മാറ്റാനാണ് സിപിഎം ശ്രമിക്കുന്നത്. തദ്ദേശതെരഞ്ഞെടുപ്പ് സമയത്ത് സ്വര്‍ണക്കടത്ത്, ലൈഫ് കേസ്, സിഎജി റിപ്പോര്‍ട്ട് വിവാദങ്ങള്‍ കത്തിനിന്നപ്പോഴും സര്‍ക്കാരിന്‍റെ വികസനം ചര്‍ച്ചയാക്കുന്നതില്‍ സിപിഎം വിജയിച്ചിരുന്നു.

ശബരിമല വിഷയത്തിൽ പ്രതികരിക്കേണ്ടെന്നായിരുന്നു സിപിഎം ആദ്യം സ്വീകരിച്ചിരുന്ന നിലപാട്. എന്നാൽ യുഡിഎഫ് യുവതീപ്രവേശനം തടയുന്നതിനുള്ള കരടുനിയമവുമായി രംഗത്തെത്തിയതോടെ മറുപടി പറയാതെ നിവൃത്തിയില്ലെന്ന അവസ്ഥയായി. വിഷയത്തില്‍ സിപിഎം നേതാക്കളുടെ മറുപടികളില്‍ ആശയക്കുഴപ്പം പ്രകടമാണ്. യുവതീപ്രവേശനത്തിൽ ഉറച്ചുനിൽക്കുമോ, വിശ്വാസികൾക്കൊപ്പം നിൽക്കുമോ എന്നതിൽ സിപിഎം വ്യക്തമായ നിലപാട് ഇതുവരെ അറിയിച്ചിട്ടില്ല. 

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിനല്‍കിയെങ്കിലും,  പിന്‍വാതില്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തുടര്‍ച്ചയായി പുറത്തുവരുന്നതും സര്‍ക്കാരിനെയും സിപിഎമ്മിനേയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. റാങ്ക് ഹോൾഡേഴ്സിന്റെ സമരത്തെ പ്രതിപക്ഷം ഇളക്കിവിടുന്നതാണെന്ന് മന്ത്രി തോമസ് ഐസക്ക് ആരോപിച്ചിരുന്നു. റാങ്ക് ലിസ്റ്റിലുള്ള എല്ലാവർക്കും ജോലി നൽകൽ പ്രായോ​ഗികമല്ല എന്നും ധനമന്ത്രി വ്യക്തമാക്കി. 

ഘടകകക്ഷികളുമായ നടന്ന പ്രാഥമിക സീറ്റ് ചര്‍ച്ച സംബന്ധിച്ച വിവരങ്ങളും സെക്രട്ടേറിയറ്റില്‍ വന്നേക്കും. സെക്രട്ടേറിയറ്റ് അംഗങ്ങളിലും മന്ത്രിമാരിലും ആരൊക്കെ മല്‍സരിക്കണം എന്നതിലും പ്രാഥമിക ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ട്. എന്നാല്‍ സീറ്റ് വിഭജനം പൂര്‍ത്തിയായ ശേഷമേ സ്ഥാനാര്‍ഥി ചര്‍ച്ചയിലേക്ക് കടക്കൂ എന്നാണ് സിപിഎം നേതാക്കള്‍ വ്യക്തമാക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com