തെരഞ്ഞെടുപ്പ് തീയതി ഈ മാസം അവസാനം പ്രഖ്യാപിച്ചേക്കും ?; നടപടികളിലേക്ക് കമ്മീഷന്‍, ഇന്ന് തമിഴ്‌നാട്ടിലേക്ക് ; ശനിയാഴ്ച കേരളത്തില്‍ 

മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച കേരളത്തിലെത്തും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പ് തീയതി ഈ മാസം അവസാനത്തോടെ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ഇതിന്റെ പ്രാരംഭ നടപടികളിലേക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കടക്കുന്നു. ഇതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തലിന്റെ ഭാഗമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് തമിഴ്‌നാട്ടിലെത്തും. 

വെള്ളിയാഴ്ച സംഘം പുതുച്ചേരിയും സന്ദര്‍ശിക്കും. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച കേരളത്തിലെത്തും. ശനി, ഞായര്‍ ദിവസങ്ങളില്‍ സംഘം കേരളത്തിലെ ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടികള്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തും. 

നേരത്തെ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ പശ്ചിമ ബംഗാളിലും അസമിലും സന്ദര്‍ശനം നടത്തിയിരുന്നു. ഇരുസംസ്ഥാനങ്ങളിലെയും സ്ഥിതിഗതികള്‍ വിലയിരുത്തി. പശ്ചിമബംഗാളില്‍ അധികമായി സുരക്ഷാസേനയെ വിന്യസിക്കണമെന്നും, കൂടുതല്‍ ഘട്ടങ്ങളായി വോട്ടെടുപ്പ് നടത്തണമെന്നുമാണ് രാഷ്ട്രീയപാര്‍ട്ടികള്‍ മുന്നോട്ടുവെച്ചത്. കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, അസം, പുതുച്ചേരി സംസ്ഥാനങ്ങളിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. 

സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി വീണ്ടും ചര്‍ച്ച നടത്തും. ഈ മാസം അവസാനത്തെ ആഴ്ച കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം ചേര്‍ന്ന് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ ഏപ്രില്‍ 15 ന് മുമ്പ് വോട്ടെടുപ്പ് നടക്കാനാണ് സാധ്യത. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com