ശമ്പള കുടിശ്ശിക നല്‍കാന്‍ ശുപാര്‍ശ ചെയ്യാമെന്ന് ആരോഗ്യമന്ത്രി; മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th February 2021 04:53 PM |
Last Updated: 10th February 2021 04:53 PM | A+A A- |
ആരോഗ്യമന്ത്രി കെ കെ ശൈലജ / ഫയൽ ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ആരോഗ്യ മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ആണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. 2017 ജൂലൈ മുതല്‍ ഉള്ള കുടിശിക നല്‍കാന്‍ ധന വകുപ്പിനോട് ശുപാര്‍ശ ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. അന്തിമ തീരുമാനം രണ്ട് ആഴ്ചയ്ക്കകം ഉണ്ടാകും. ശമ്പള പരിഷ്‌കരണത്തിലെ അപാകത ഇപ്പോള്‍ നിയമിച്ചിട്ടുള്ള സമിതി പരിശോധിക്കുമെന്നും മന്ത്രി ചര്‍ച്ചയില്‍ അറിയിച്ചു.
ശമ്പള കുടിശിക നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്. ഡോക്ടര്‍മാരുടെ 2017 മുതലുള്ള ശമ്പള കുടിശ്ശിക ഇതുവരെ നല്‍കിയിട്ടില്ല. കോവിഡ് മുന്നണിപ്പോരാളികളായ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ക്കെതിരെയുള്ള കടുത്ത അവഗണന സര്‍ക്കാര്‍ തുടരുകയാണെന്ന് സംഘടനകള്‍ ആരോപിച്ചിരുന്നു. അലവന്‍സ് പരിഷ്‌കരണത്തോടെ ശമ്പള കുടിശ്ശിക എന്ന് നല്‍കുമെന്ന് പോലും സര്‍ക്കാര്‍ അറിയിച്ചിട്ടില്ലെന്നും സംഘടനകള്‍ പറഞ്ഞിരുന്നു.