മെഴുകുതിരിയില്‍ നിന്ന് കിടക്കയിലേക്ക് തീ പടര്‍ന്നു, കിടപ്പുരോഗിയായ സ്ത്രീക്ക് ദാരുണാന്ത്യം
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th February 2021 07:55 AM |
Last Updated: 10th February 2021 07:55 AM | A+A A- |
പ്രതീകാത്മക ചിത്രം
കോതമംഗലം: മെഴുകുതിരിയില്‍ നിന്ന് കിടക്കയിലേക്ക് തീ പടര്‍ന്ന് കിടപ്പുരോഗിയായ സ്ത്രീ മരിച്ചു. പുന്നേക്കാട് കൃഷ്ണപുരം കോളനിയില്‍ കളരിക്കൂടി പരേതനായ കാവലന്റെ മകള്‍ ഉഷ(52) ആണ് മരിച്ചത്.
വയോധികയായ അമ്മയുടെ കണ്‍മുന്‍പില്‍ വെച്ചായിരുന്നു ദാരുണ സംഭവം. ചൊവ്വാഴ്ച പുലര്‍ച്ചെ 4 മണിയോടെയായിരുന്നു സംഭവം. ഉഷയും അമ്മയും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഉഷ കിടക്കുന്ന മുറിയുടെ തൊട്ടടുത്ത മുറിയിലാണ് അമ്മ കിടന്നിരുന്നത്.
മുറിയില്‍ പുകയും ചൂടും നിറഞ്ഞതോടെ അമ്മ എഴുന്നേറ്റ് വന്ന് നോക്കിയപ്പോഴാണ് സംഭവം അറിയുന്നത്. ജന്മനാ ശരീരം തളര്‍ന്ന് കിടപ്പിലായ ഉഷയ്ക്ക് സംസാര ശേഷിയും ഇല്ലായിരുന്നു. അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ ജനലിന് വെളിയിലൂടെ വെള്ളമൊഴിച്ച് തീ കെടുത്തി. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
തിങ്കളാഴ്ച വൈകീട്ടോടെ കാറിടിച്ച് വൈദ്യുതി തൂണ്‍ തകര്‍ന്നതോടെ കോളനിയില്‍ വൈദ്യുതിയുണ്ടായിരുന്നില്ല. രാത്രി ഉഷയുടെ കട്ടിലിനോട് ചേര്‍ന്ന് കസേരയില്‍ കത്തിച്ചു വെച്ച മെഴുകു തിരിയില്‍ നിന്ന് കിടക്കയിലേക്കും വസ്ത്രങ്ങളിലേക്കും തീ പടര്‍ന്ന് പിടിച്ചതാവാം എന്നാണ് പൊലീസ് നിഗമനം.