വി പി ജോയ് അടുത്ത ചീഫ് സെക്രട്ടറി; മന്ത്രിസഭാ തീരുമാനം
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th February 2021 02:15 PM |
Last Updated: 10th February 2021 02:15 PM | A+A A- |
വി പി ജോയി / ഫയല്‍ ചിത്രം
തിരുവനന്തപുരം: കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് സംസ്ഥാനത്ത് മടങ്ങിയെത്തിയ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ വിപി ജോയ്‌യെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത വിരമിക്കുന്ന ഒഴിവിലാണ് നിയമനം. 1987 ബാച്ചിലെ ഐ എഎസ് ഉദ്യോഗസ്ഥനായ ജോയിക്ക് 2023 ജൂൺ 30 വരെ സർവീസുണ്ട്.
നിലവിലെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ഈ മാസം 28 ന് സ്ഥാനമൊഴിയും. മാർച്ച് ഒന്നിന് പുതിയ ചീഫ് സെക്രട്ടറിയായി ജോയി സ്ഥാനമേൽക്കും. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടേറിയറ്റിൽ ഏകോപന ചുമതലയുള്ള സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു വി പി ജോയി. പ്രോവിഡന്റ് ഫണ്ട് കമ്മീഷണർ, സാമൂഹ്യക്ഷേമ വകുപ്പ് അണ്ടര്‍ സെക്രട്ടറി,കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിൽ ഡയറക്ടര്‍ ജനറൽ എന്നീ പദവികൾ കൈകാര്യം ചെയ്തിട്ടുണ്ട്.
കേരളത്തിൽ ധനകാര്യം, നികുതി, വനം, ഭവനനിര്‍മ്മാണം, തൊഴിൽ, ഗതാഗതം എന്നീ വകുപ്പുകളിൽ സെക്രട്ടറിയായും. കെഎസ്ഇബി ചെയര്‍മാൻ, സഹകരണ രജിസ്ട്രാര്‍, എറണാകുളം ജില്ലാ കളക്ടര്‍ എന്നീ പദവികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജോയ് വാഴയിൽ എന്ന പേരിൽ കവിതകളും അദ്ദേഹം രചിച്ചിട്ടുണ്ട്.