മൂന്നുമാസം പൂട്ടിയിട്ടു; കുടുക്കിയവര്‍ക്ക് കാലം മാപ്പ് തരില്ല; ജയില്‍ മോചിതനായ ശേഷം കമറുദ്ദീന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th February 2021 07:56 PM |
Last Updated: 11th February 2021 07:56 PM | A+A A- |
ജയില്‍ മോചിതനായ കമുറുദ്ദീന്‍ മാധ്യമങ്ങളെ കാണുന്നു
കണ്ണൂര്‍: ഫാഷന്‍ ഗോള്‍ഡ് ജുവലറി തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായിരുന്ന എം സി കമറുദ്ദീന്‍ എംഎല്‍എ മോചിതനായി. മൂന്നുമാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് കമറുദ്ദീന് ജാമ്യം ലഭിച്ചിരിക്കുന്നത്. ആരോടും പരിഭവമില്ലെന്നും തന്നെ കുടുക്കിയവര്‍ക്ക് കാലം മാപ്പ് നല്‍കില്ലെന്നും കമറുദ്ദീന്‍ മാധ്യമങ്ങളോട് പറഞ്ഞു. കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോനചയാണ് തന്നെ ജയിലിലാക്കിയതിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഗൂഢാലോചന നടത്തി അറസ്റ്റ് ചെയ്താണ്. രാഷ്ട്രീയമായി തകര്‍ക്കുക എന്നത് മാത്രമായിരുന്നു ഇതിന് പിന്നിലെ ലക്ഷ്യം. ഷെയര്‍ ഹോള്‍ഡേഴ്‌സിന് പണം കിട്ടാന്‍ താത്പര്യമുണ്ടായിട്ടല്ല. എന്നെ പൂട്ടുക എന്നത് മാത്രമാണ്. അതിന്റെ ഭാഗമായാണ് ഒരുപാട് ആളുകള്‍ ഒരുമിച്ച് കച്ചവടം ചെയ്തതില്‍ എന്നെ മാത്രം അറസ്റ്റ് ചെയ്തത്. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ എന്നെ ഇതിനകത്ത് പൂട്ടിയിട്ടു. അതായിരുന്നു അവരുടെ യഥാര്‍ത്ഥ ലക്ഷ്യം.
42 വര്‍ഷക്കാലം കറപുരളാത്ത കൈകളുമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ എന്നെ തട്ടിപ്പ് കേസില്‍ പ്രതിയായവര്‍ക്ക് കാലം മാപ്പ് നല്‍കില്ല. അവര്‍ കനത്ത വില നല്‍കേണ്ടിവരും'-കമറുദ്ദീന്‍ പറഞ്ഞു.തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന് പിന്നീട് പറയുമെന്നും പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.