പുതുമുഖങ്ങൾക്ക് പ്രാമുഖ്യം ; നടി പാർവതിയും പരിഗണനയിൽ ? ; മലബാർ കോട്ട കാക്കാൻ എൽഡിഎഫ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th February 2021 07:38 AM |
Last Updated: 11th February 2021 07:38 AM | A+A A- |

ഫയല്‍ ചിത്രം
കോഴിക്കോട്: പ്രമുഖ സിനിമാ നടി പാർവതി തിരുവോത്തിനെ നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിപ്പിക്കാൻ നീക്കം നടക്കുന്നതായി റിപ്പോർട്ട്. ഇടതുപക്ഷമാണ് പാർവതിയെ കളത്തിലിറക്കാൻ ആലോചിക്കുന്നത്. മുഖംനോക്കാതെ നിലപാട് പറയുന്ന പാര്‍വതിയെ മത്സരിപ്പിച്ചാല്‍ യുവതലമുറയുടെ പിന്തുണ കിട്ടുമെന്നാണ് നടിയെ പിന്തുണയ്ക്കുന്നവരുടെ വിലയിരുത്തല്‍.
ഡല്‍ഹിയില്‍ കര്‍ഷകസമരത്തെക്കുറിച്ച് ഈയിടെ പാര്‍വതി നടത്തിയ പ്രതികരണം സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സിപിഎം നേതൃത്വം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. മൽസരം സംബന്ധിച്ച് നടിയും ഇതുവരെ മനസ്സ് തുറന്നിട്ടില്ല. കോഴിക്കോട് ജില്ലയിൽ സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്തിനെ മൽസരിപ്പിക്കാൻ ആലോചിക്കുന്നതായും വാർത്തകൾ വന്നിരുന്നു.
രാഷ്ട്രീയക്കാർക്ക് പുറമേ പൊതു സമ്മതരായ സ്ഥാനാർത്ഥികളെയും മൽസരരംഗത്തിറക്കാനാണ് സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും തീരുമാനം. എൽഡിഎഫ് കഴിഞ്ഞ തവണ സിനിമാതാരങ്ങളായ മുകേഷിനെയും ഗണേഷ്‌കുമാറിനെയും സ്ഥാനാർത്ഥികളാക്കിയിരുന്നു. ഇരുവരും വിജയിച്ച് എംഎൽഎമാരാകുകയും ചെയ്തു.