'അമ്മയെ ഇനി കാണേണ്ട', പിഞ്ചു കുട്ടികൾ ആദ്യം ചോദിച്ചത് ഭക്ഷണം ; ക്രൂരത കണ്ട് നടുങ്ങി നാട്ടുകാർ
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th February 2021 06:52 AM |
Last Updated: 11th February 2021 03:22 PM | A+A A- |
അവശനിലയിലായ കുട്ടികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു/ ടെലിവിഷന്‍ ചിത്രം
മലപ്പുറം : മലപ്പുറം മമ്പാട്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക മുറിയിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയ കുട്ടികളുടെ സംരക്ഷണം ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു. അവശനിലയിലായ കുട്ടികളെ ജില്ലാ ആശുപത്രിയിൽ പ്രവശിപ്പിച്ചു. കുട്ടികളുടെ ശരീരത്തിൽ മുറിവും മർദനമേറ്റ പാടുകളും പെൺകുട്ടിയുടെ മുഖത്ത് നീർക്കെട്ടും ഉണ്ട്. ഇരുവർക്കും പോഷകാഹാരക്കുറവുള്ളതായി ഡോക്ടർ പറഞ്ഞു.
പിതാവും രണ്ടാനമ്മയും ചേർന്ന് പൂട്ടിയിട്ട 5 വയസ്സുള്ള പെൺകുട്ടിയെയും 3 വയസ്സുള്ള ആൺകുട്ടിയെയും നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷപ്പെടുത്തിയത്. തങ്ങളെ കണ്ടപ്പോൾ തന്നെ ഭക്ഷണം എന്ന വാക്കാണ് കുട്ടികൾ പറഞ്ഞതെന്ന് നാട്ടുകാർ പറഞ്ഞു. അമ്മ തല്ലിയതാണെന്നും, ഇനി അമ്മയെ കാണേണ്ടെന്നും കുട്ടികൾ പറഞ്ഞതായി രക്ഷപ്പെടുത്തിയവർ പറയുന്നു.
സംഭവത്തിൽ തമിഴ്നാട് കടലൂർ വിരുത്താചലം സ്വദേശിയെ(35)യും ഭാര്യയെ(28)യും പൊലീസ് അറസ്റ്റ് ചെയ്തു. ദമ്പതികൾക്കൊപ്പം 3 മാസമായി മമ്പാട് അങ്ങാടിയിലെ വാടക മുറിയിൽ താമസിക്കുകയായിരുന്നു കുട്ടികൾ. കൂലിപ്പണിക്കാരായ ദമ്പതികൾ ജോലിക്കു പോയി തിരിച്ചെത്തുന്നതുവരെ ഭക്ഷണം നൽകാതെ കുട്ടികളെ പൂട്ടിയിടുകയായിരുന്നെന്ന് സമീപവാസികളായ അതിഥിത്തൊഴിലാളികൾ പറഞ്ഞു.