ഐശ്വര്യ കേരള യാത്രയുടെ പരസ്യത്തില്‍ മാണി സി കാപ്പനും ; യാത്രയ്ക്ക് അഭിവാദ്യം അര്‍പ്പിച്ച് ഫ്ലക്‌സ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th February 2021 11:45 AM |
Last Updated: 11th February 2021 11:45 AM | A+A A- |
ഫ്ലക്സ് / ടെലിവിഷൻ ചിത്രം
കൊച്ചി : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്രയുടെ പോസ്റ്ററില്‍ മാണി സി കാപ്പന്റെയും ടി പി പീതാംബരന്‍ മാസ്റ്ററുടേയും ചിത്രങ്ങള്‍. എന്‍സിപി എറണാകുളം ജില്ലാ കമ്മിറ്റിയാണ് പോസ്റ്റര്‍ ഇറക്കിയത്.
ഐശ്വര്യ കേരള യാത്രയ്ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്ററാണ് ഇറക്കിയിട്ടുള്ളത്. മാണി സി കാപ്പനും എന്‍സിപി സംസ്ഥാന ഘടകത്തിലെ ഒരു വിഭാഗവും യുഡിഎഫിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
അതിനിടെ യുഡിഎഫിലേക്ക് പോകുന്ന മാണി. സി കാപ്പന് സ്വീകരണമൊരുക്കാന്‍ എന്‍സിപി കോട്ടയം ജില്ലാ കമ്മിറ്റി തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. പതിനാലാം തീയതി മാണി സി കാപ്പന് സ്വീകരണം നല്‍കേണ്ട വേദികള്‍ സജ്ജമാക്കാനാണ് എന്‍സിപി നിര്‍ദേശം നല്‍കിയത്. പാലായില്‍ കാപ്പന് സ്വീകരണം നല്‍കുന്നത് സംബന്ധിച്ച നോട്ടിസ് യുഡിഎഫും പുറത്തിറക്കി.
14ന് യുഡിഎഫില്‍ ചേരുമെന്നാണ് കാപ്പന്‍ വിഭാഗത്തിന്റെ പേരില്‍ പ്രചരണം സജീവമാണ്. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ കാപ്പനെ സ്വീകരിക്കുമെന്നാണ് പ്രചരിക്കുന്നത്. കോട്ടയത്തെ യുഡിഎഫ് നേതാക്കള്‍ കാപ്പനെ സ്വീകരിക്കുമെന്നും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്.