മുന്നണി മാറ്റത്തില്‍ തീരുമാനം ദേശീയ നേതൃത്വത്തിന്റേത് ; പാര്‍ട്ടിയില്‍ രണ്ടഭിപ്രായമെന്ന് പീതാംബരന്‍ ; തീരുമാനം നാളെ അറിയാമെന്ന് മാണി സി കാപ്പന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th February 2021 10:59 AM |
Last Updated: 11th February 2021 11:04 AM | A+A A- |
ടി പി പീതാംബരന്‍, മാണി സി കാപ്പന്‍ / ടെലിവിഷന്‍ ചിത്രം
ന്യൂഡല്‍ഹി : എന്‍സിപി ഇടതുമുന്നണിയില്‍ അപമാനിക്കപ്പെട്ടെന്ന് മാണി സി കാപ്പന്‍. ഇക്കാര്യം എല്ലാവര്‍ക്കും അറിയാം. മുന്നണി മാറ്റത്തില്‍ ദേശീയ നേതൃത്വം തീരുമാനം എടുക്കും. പാര്‍ട്ടി സംസ്ഥാന നേതൃത്വം അതനുസരിച്ച് നിലപാട് എടുക്കും. ദേശീയ നേതൃത്വത്തിന്റെ തീരുമാനം വന്നശേഷം പ്രതികരിക്കാമെന്നും മാണി സി കാപ്പനും ടി പി പീതാംബരനും മാധ്യമങ്ങളെ അറിയിച്ചു.
ഇത് നയപരമായ പ്രശ്‌നമാണ്. കേരളത്തിലെ പ്രശ്‌നം ദേശീയനേതൃത്വത്തിന് മുന്നിലുണ്ടെന്ന് ടി പി പീതാംബരന്‍ പറഞ്ഞു. പാലാ അടക്കം നാലു സീറ്റും വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. കാപ്പനും ശശീന്ദ്രനും പറഞ്ഞതില്‍ അവരോട് ചോദിക്കണം. ശശീന്ദ്രന്‍ അടക്കം ഒരു വിഭാഗത്തിന് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാം. ജനാധിപത്യ പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകുന്നത് സ്വാഭാവികമാണെന്നും പീതാംബരന്‍ പറഞ്ഞു.
പാര്‍ട്ടി ദേശീയ നേതൃത്വം തന്റെ ഒപ്പമാണെന്നാണ് ഉറച്ച വിശ്വാസമെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. താനും പീതാംബരന്‍ മാസ്റ്ററും ഇന്ന് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തും. നാളെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേലും ഡല്‍ഹിയിലെത്തും. ഇതിന് ശേഷം അന്തിമ തീരുമാനമുണ്ടാകും. കാപ്പനെ യുഡിഎഫിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള മുല്ലപ്പള്ളിയുടെയും ചെന്നിത്തലയുടെയും പ്രസ്താവനകളോട് പ്രതികരിക്കാനില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു.