പാലായില്‍ മല്‍സരിച്ചിരിക്കും ; കൈപ്പത്തി ചിഹ്നത്തിലില്ല ; ശശീന്ദ്രന് എവിടെ വേണമെങ്കിലും പോകാം : മാണി സി കാപ്പന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th February 2021 12:19 PM |
Last Updated: 11th February 2021 12:19 PM | A+A A- |
മാണി സി കാപ്പന്‍ /ഫയല്‍ ചിത്രം
ന്യൂഡല്‍ഹി : നിയമസഭ തെരഞ്ഞെടുപ്പില്‍ പാലായില്‍ മല്‍സരിച്ചിരിക്കുമെന്ന് മാണി സി കാപ്പന്‍. ഇനി എല്‍ഡിഎഫില്‍ ഇല്ല എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, എന്നു താന്‍ പറഞ്ഞിട്ടില്ലെന്നായിരുന്നു കാപ്പന്റെ മറുപടി. പാലായില്‍ മല്‍സരിക്കുമെന്ന് താന്‍ പറഞ്ഞിട്ടുണ്ട്. മല്‍സരിച്ചിരിക്കും, സംശയം വേണ്ട. മാണി സി കാപ്പന്‍ ആവര്‍ത്തിച്ചു.
എല്‍ഡിഎഫ് സീറ്റില്ലെങ്കിലും മല്‍സരിക്കുമോ എന്ന ചോദ്യത്തിന്, അത് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ എന്നും കാപ്പന്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് കൈപ്പത്തി ചിഹ്നം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അതൊന്നും ഇല്ല, ഏതായാലും കൈപ്പത്തി ചിഹ്നത്തിലൊന്നും മല്‍സരിക്കില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു.
പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറുമായി എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തു. കേരളത്തിന്റെ ചുമതലയുള്ള അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ ദോഹയിലാണ്. അദ്ദേഹം നാളെ ഡല്‍ഹിയില്‍ തിരിച്ചെത്തും. അതിനുശേഷം പ്രഫുല്‍ പട്ടേലും പവാറുമായി ചര്‍ച്ച നടത്തിയശേഷം തീരുമാനമുണ്ടാകും. പാലാ സീറ്റിന്റെ അടക്കം കാര്യത്തില്‍ മുഖ്യമന്ത്രിയും പ്രഫുല്‍ പട്ടേലും ചര്‍ച്ച നടത്തിയതാണ്. ആ നിലപാട് അങ്ങനെ തന്നെ നില്‍ക്കുകയാണെന്നും മാണി സി കാപ്പന്‍ പറഞ്ഞു.
എന്‍സിപി യുഡിഎഫിലേക്ക് പോയാല്‍ മന്ത്രി എ കെ ശശീന്ദ്രന്‍ കോണ്‍ഗ്രസ് എസില്‍ ചേരുമെന്ന് കേള്‍ക്കുന്നുണ്ടല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, താനും അങ്ങനെ കേട്ടു എന്നായിരുന്നു മാണി സി കാപ്പന്റെ പ്രതികരണം. അങ്ങനെയാണെങ്കില്‍ അങ്ങനെ, കോണ്‍ഗ്രസ് എസിലോ എവിടെ വേണമെങ്കിലും അദ്ദേഹത്തിന് പോകാമെന്നും കാപ്പന്‍ പറഞ്ഞു.