എല്‍ഡിഎഫ് വിടുന്നതില്‍ എന്‍സിപിയില്‍ ആശയക്കുഴപ്പം; തീരുമാനം നീളുന്നു

മാണി സി കാപ്പന്‍ ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ധാരണ ഉരുത്തിരിഞ്ഞില്ല
മാണി സി കാപ്പന്‍, പിണറായി വിജയന്‍ / ഫയല്‍ ചിത്രം
മാണി സി കാപ്പന്‍, പിണറായി വിജയന്‍ / ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: പാലാ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ മുന്നണി മാറ്റത്തിന് ഒരുങ്ങുന്ന എന്‍സിപിയില്‍ ആശയക്കുഴപ്പമെന്നു റിപ്പോര്‍ട്ട്. എന്‍സിപി യുഡിഎഫില്‍ എത്തുന്ന കാര്യത്തില്‍ ഇന്നു പ്രഖ്യാപനമുണ്ടാവുമെന്നായിരുന്നു സൂചനയെങ്കിലും അന്തിമ തീരുമാനം നീളുന്നു. മുന്നണി മാറ്റത്തിനു ചുക്കാന്‍ പിടിക്കുന്ന മാണി സി കാപ്പന്‍ ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ധാരണ ഉരുത്തിരിഞ്ഞില്ല.

സിറ്റിങ് സീറ്റായ പാലാ നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വ്യക്തമാക്കിയ സാഹചര്യത്തിലാണ്, മുന്നണി മാറ്റം ഉണ്ടാവുമെന്ന സൂചന മാണി സി കാപ്പന്‍ പരസ്യമായി പ്രകടിപ്പിച്ചത്. ഇന്നു പവാറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം തീരുമാനം അറിയിക്കും എന്നായിരുന്നു കാപ്പന്‍ പറഞ്ഞത്. എന്നാല്‍ എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കുമെന്നു പ്രഖ്യാപിച്ച എകെ ശശീന്ദ്രന്‍  പക്ഷത്തെക്കൂടി കേള്‍ക്കാതെ തീരുമാനം എടുക്കാനാവില്ലെന്ന നിലപാടിലാണ് പവാര്‍. ശശീന്ദ്രനോട് അടിയന്തരമായി ഡല്‍ഹിയില്‍ എത്താന്‍ പവാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പാലാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിനു നല്‍കാനുള്ള സിപിഎം നീക്കത്തില്‍ പ്രതിഷേധിച്ചാണ് മാണി സി കാപ്പന്റെ നേതൃത്വത്തിലുള്ള വിഭാഗം എല്‍ഡിഎഫ് വിടാനൊരുങ്ങുന്നത്. യുഡിഎഫ് നേതൃത്വവുമായി കാപ്പന്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കാപ്പനെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും കോണ്‍ഗ്രസും സ്വാഗതം ചെയ്തിട്ടുണ്ട്. 

മുന്നണി വിടുന്നതു സംബന്ധിച്ച തീരുമാനം വൈകുന്നതില്‍ മാണി സി കാപ്പന്‍ അതൃപ്തി പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. രണ്ടു ദിവസത്തിനകം തീരുമാനം വേണമെന്ന് കാപ്പന്‍ നേതൃത്വത്തെ അറിയിച്ചു. ഇല്ലാത്ത പക്ഷം ഏകപക്ഷീയമായി തീരുമാനം പ്രഖ്യാപിക്കാനാണ് കാപ്പന്റെ നീക്കം. പ്രഫുല്‍ പട്ടേലിന്റെ നേതൃത്വത്തില്‍ സമവായത്തിനും ശ്രമം നടക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com