മൂന്നു തവണ മത്സരിച്ചവര്‍ക്കു സീറ്റില്ല, ആര്‍ക്കും ഇളവില്ലെന്ന് കാനം
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th February 2021 04:08 PM |
Last Updated: 12th February 2021 04:08 PM | A+A A- |

കാനം രാജേന്ദ്രന്‍/ ഫയല്‍ ചിത്രം
തിരുവനന്തപുരം: മൂന്നു തവണ മത്സരിച്ചവര്‍ക്ക് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കേണ്ടതില്ലെന്ന് സിപിഐ നേതൃയോഗത്തില്‍ തീരുമാനം. ഇതില്‍ ആര്‍ക്കും ഇളവു നല്‍കേണ്ടതില്ലെന്ന് സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചതായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു.
പുതിയ തലമുറയെ വളര്‍ത്തിക്കൊണ്ടുവരിക എന്നതില്‍നിന്നു പിന്നോട്ടില്ലെന്ന് കാനം പറഞ്ഞു. മൂന്നു തവണ മത്സരിച്ച ആര്‍ക്കും സീറ്റു നല്‍കില്ല. വ്യക്തികളുടെ ജയസാധ്യത ആപേക്ഷികം മാത്രമാണ്. വ്യക്തിക്കല്ല, പാര്‍ട്ടിക്കാണ് സ്വാധീനമെന്ന് കാനം പറഞ്ഞു.
സംഘടനാ ചുമതല വഹിക്കുന്നവര്‍ സ്ഥാനാര്‍ഥികള്‍ ആവുകയാണെങ്കില്‍ സ്ഥാനം ഒഴിയണം. രണ്ടു ഒരുമിച്ചു പറ്റില്ല. ആരെയും ഒഴിവാക്കാനല്ല തീരുമാനം. മാനദണ്ഡത്തില്‍ പരാതി ഉള്ളവര്‍ക്കു പാര്‍ട്ടിയില്‍ പരാതി നല്‍കാം, എന്നാല്‍ മത്സരിക്കാനാവില്ല.
പാര്‍ട്ടിയില്‍ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ല. കഴിഞ്ഞ തവണ മത്സരിച്ച അത്രയും സീറ്റുകളില്‍ ഇത്തവണ മത്സരിക്കാന്‍ കഴിയില്ല. പുതിയ കക്ഷികള്‍ മുന്നണിയില്‍ വന്ന സാഹചര്യത്തില്‍ ആണ് ഇതെന്നും കാനം പറഞ്ഞു.