യുഡിഎഫ് അധികാരത്തിലെത്തും; അപ്പോള്‍ രണ്ട് കാര്യങ്ങള്‍ ചെയ്യണം; മേജര്‍ രവി ഐശ്വര്യ കേരളയാത്രയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th February 2021 12:20 PM |
Last Updated: 12th February 2021 12:20 PM | A+A A- |
മേജര്‍ രവി ഐശ്വര്യ കേരളയാത്രയില്‍/ ടെലിവിഷന്‍ ചിത്രം
കൊച്ചി: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പ്രധാനമായും ചെയ്യേണ്ടത് രണ്ട് കാര്യങ്ങളെന്ന് സംവിധായകന്‍ മേജര്‍ രവി. ശബരിമല സമരത്തിന്റെ പേരില്‍ വിശ്വാസികള്‍ക്കെതിരെ എടുത്ത കള്ളക്കേസുകള്‍ എഴുതിത്തള്ളണം, പിന്‍വാതില്‍ നിയമനങ്ങള്‍ റദ്ദാക്കണം എന്നിവയാണ് ആദ്യം ചെയ്യേണ്ടതെന്ന്, രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയില്‍ പങ്കെടുത്തുകൊണ്ട് മേജര്‍ രവി പറഞ്ഞു. തൃപ്പൂണിത്തുറയിലാണ് യുഡിഎഫിന്റെ പ്രചാരണജാഥയില്‍ മേജര്‍ രവി എത്തിയത്.
'തൃപ്പൂണിത്തുറ എന്റെ മണ്ഡലമാണ്. ഞാനിവിടെ ഇരിക്കുമ്പോള്‍ പലര്‍ക്കും ആശയക്കുഴപ്പമുണ്ട്. ഞാന്‍ ബിജെപിക്കാരനല്ലേ?, ആര്‍എസ് എസ്‌കാരനല്ലേ എന്നൊക്കെ. ആദ്യമെ പറയട്ടെ എനിക്ക് ഒരു പാര്‍ട്ടിയിലും അംഗത്വമില്ല. ഇന്ത്യയെന്നതാണ് എന്റെ മനസ്' മേജര്‍ രവി പറഞ്ഞു
രാജീവ് ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ ഭൗതിക ശരീരം കണ്ടപ്പോള്‍ ഞാനറിയാതെ കരഞ്ഞുപോയി. കൃഷ്ണാ ഗുരുവായൂരപ്പാ ഇത് ചെയ്തവരെ പിടിക്കാനുള്ള ദൗത്യം തനിക്ക് കിട്ടണമെന്നതായിരുന്നു പ്രാര്‍ഥന. ഇതിന് അവസരം ലഭിക്കുകയും പ്രതികളെ കൈയോടെ പിടിക്കാന്‍ കഴിയുകയും ചെയ്തു. ഇതിന് കഴിഞ്ഞത് ഭഗവാന്‍ കൃഷ്ണന്റെ സഹായത്തോടെയാണെന്നും രവി പറഞ്ഞു.
ഞാന്‍ ഹിന്ദുമത വിശ്വാസിയാണ്. അതുകൊണ്ട് ക്രിസ്ത്യാനിയോടോ, മുസ്ലീമീനോടോ അവരുടെ വിശ്വാസങ്ങളെ ഹനിക്കുന്ന രീതിയില്‍ പെരുമാറില്ല. പ്രളയകാലത്ത് മുസ്ലീം പള്ളിയില്‍വച്ചാണ് തനിക്ക് അശരണരെ സഹായിക്കാന്‍ കഴിഞ്ഞത്. അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും മേജര്‍ രവി പറഞ്ഞു.