അനാഥ പെൺകുട്ടിയാണ് ഭാര്യ, 13 വയസുള്ള മകളുണ്ട്; ജഡ്ജിക്കു മുന്നിൽ തൊഴുകൈകളോടെ വിതുര കേസ് പ്രതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th February 2021 08:13 AM |
Last Updated: 13th February 2021 08:13 AM | A+A A- |

സുരേഷ്/ഫയല്‍
കോട്ടയം: വിതുര പെൺവാണിഭ കേസിൽ ഇരുപത്തിനാലു വർഷം തടവുശിക്ഷ വിധിച്ചതിന് പിന്നാലെ ജഡ്ജിക്കു മുന്നിൽ തൊഴുകൈകളോടെ ഒന്നാം പ്രതി സുരേഷ് (ഷംസുദീൻ മുഹമ്മദ് ഷാജഹാൻ- 52). ഭാര്യയും 13 വയസുള്ള പെൺകുട്ടിയുമുണ്ടെന്നും ശിക്ഷാ ഇളവ് വേണമെന്നുമാണ് സുരേഷ് കോടതിയിൽ പറഞ്ഞത്.
അഞ്ചുനേരം നിസ്കരിക്കുന്ന മുസൽമാനാണ് താനെന്നും അനാഥ പെൺകുട്ടിയെയാണ് വിവാഹം ചെയ്തതെന്നും സുരേഷ് കോടതിയെ ബോധ്യപ്പെടുത്തി. 13 വയസുള്ള മകളുണ്ട്. ചെന്നൈ താമ്രത്ത് അനാഥമന്ദിരം ഏറ്റെടുത്ത് നടത്തുന്നുണ്ട്. അവിടെ ഒമ്പത് കുട്ടികളുണ്ട്. മൂന്നുവർഷമായി അവരുടെ സ്കൂൾ, വസ്ത്രം ആഹാരം തുടങ്ങിയ ആവശ്യങ്ങളെല്ലാം നിറവേറ്റുന്നത് ഞാനാണ്, സുരേഷ് കോടതിയിൽ പറഞ്ഞു. എന്നാൽ പ്രതി കരുണ അർഹിക്കുന്നില്ലെന്ന് വാദി ഭാഗത്തിനുവേണ്ടി ഹാജരായ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ പറഞ്ഞു.
പ്രതിയുടെ സ്വഭാവം, കുറ്റകൃത്യം എന്നിവ പരിഗണിക്കണമെന്നും വാദിഭാഗം കോടതിയോട് പറഞ്ഞു. 1996മുതൽ ഇര അനുഭവിക്കുന്ന ശാരീരീക, മാനസിക പീഡനങ്ങൾ പരിഗണിക്കണമെന്നും സ്പെഷൽ പ്രോസിക്യൂട്ടർ രാജഗോപാൽ പടിപ്പുരയ്ക്കൽ പറഞ്ഞു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ വയ്ക്കുകയും വിവിധയാളുകൾ പീഡനത്തിന് ഇരയാക്കുകയും ചെയ്‌തെന്നാണു പ്രോസിക്യൂഷൻ കേസ്. ഇതിൽ രജിസ്റ്റർ ചെയ്ത 24 കേസുകളിൽ ഒരു കേസിലാണ് ഇന്നലെ സുരേഷ് കുറ്റക്കാരനെന്നു കണ്ടെത്തിയത്. വിവിധ വകുപ്പുകളിലായി 24 വർഷം കഠിനതടവും 1.09 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയത്തെ പ്രത്യേക കോടതി ജഡ്ജി ജോൺസൺ ജോണാണു വിധി പറഞ്ഞത്. മറ്റു കേസുകളിൽ വിചാരണ തുടരും.