ഭരണത്തുടര്‍ച്ചയെന്നത് ദിവാസ്വപ്‌നം മാത്രം; പിണറായിക്ക് മുല്ലപ്പള്ളിയുടെ മറുപടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th February 2021 09:46 PM |
Last Updated: 13th February 2021 09:46 PM | A+A A- |

മുല്ലപ്പള്ളി രാമചന്ദ്രന്‍/ഫയല്‍
തിരുവനന്തപുരം: വസ്തുതകള്‍ക്ക് നിരക്കാത്തതും അസത്യങ്ങളുടെ ഘോഷയാത്രയുമായിരുന്നു കാസര്‍കോട് മുഖ്യമന്ത്രി നടത്തിയ പ്രസംഗമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവെച്ച പദ്ധതികളുടെ നാടമുറിക്കുന്നതിന് അപ്പുറം എന്ത് വികസന നേട്ടമാണ് ഈ സര്‍ക്കാരിന് അവകാശപ്പെടാനുള്ളത്.യുഡിഎഫ് പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കുന്ന വിലകുറഞ്ഞ രാഷ്ട്രീയമാണ് മുഖ്യമന്ത്രി കളിക്കുന്നത്.അത് കേരള ജനത തിരിച്ചറിയും.
കേരളത്തിന്റെ സാമ്പത്തിക രംഗം താറുമാറാക്കിയ ഭരണമാണിത്. പൊതുകടം പെരുകി. കടബാധ്യത സര്‍ക്കാരിന് താങ്ങാവുന്നതിനും അപ്പുറമാണ്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിഭവസമാഹരണം കണ്ടെത്താന്‍ പോലും ശേഷിയില്ലാത്ത മുഖ്യമന്ത്രിയാണ് ഗീര്‍വാണമടിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. എല്‍ഡിഎഫിന്റെ വികസ മുന്നേറ്റ ജാഥ ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തിന് മറുപടി പറയുകയായിരുന്നു മുല്ലപ്പള്ളി.
ലോകത്തിന് മാതൃകയായിരുന്ന നമ്മുടെ ആരോഗ്യ രംഗം തകര്‍ന്നു കഴിഞ്ഞു. ഇന്ത്യാരാജ്യത്ത് ഏറ്റവും അധികം കോവിഡ് രോഗികളുള്ള സംസ്ഥാനമായി കേരളം അധപതിച്ചു. കേരളത്തിലെ മതസൗഹാര്‍ദ്ദം ഇല്ലായ്മ ചെയ്തു എന്നതാണ് മുഖ്യമന്ത്രിയുടെ സംഭാവന. തൊഴിലില്ലായ്മ അതിന്റെ പാരമ്യത്തിലെത്തി. പിഎസ്‌സി റാങ്ക് പട്ടികയില്‍ ഇടം നേടിയിട്ടും ജോലികിട്ടത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യുന്ന അഭ്യസ്തവിദ്യരെ സൃഷ്ടിച്ചതാണോ ഈ സര്‍ക്കാരിന്റെ ഭരണ നേട്ടം.തൊഴിലിനായി യുവാക്കള്‍ പ്രതിഷേധിക്കുമ്പോള്‍ അവരെ കലാപകാരികളായി ചീത്രീകരിക്കുന്നു.അനര്‍ഹര്‍ക്ക് പിന്‍വാതില്‍ വഴി നിയമനം നല്‍കി അഭ്യസ്തവിദ്യരെ അവഹേളിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നു. സിപിഎമ്മുകാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും പിന്‍വാതില്‍ വഴി സര്‍ക്കാര്‍ ജോലി നല്‍കിയതും ഈ സര്‍ക്കാരിന്റെ ഭരണ നേട്ടമായി മുഖ്യമന്ത്രിക്ക് കാസര്‍കോടത്തെ പ്രസംഗത്തില്‍ ഉള്‍പ്പെടുത്താമായിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.
ബിജെപിയുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ സ്വര്‍ണ്ണക്കടത്ത് കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിക്ക് അഴിമതിയെ കുറിച്ച് പറയാന്‍ എന്തുയോഗ്യതയാണുള്ളത്. പാവപ്പെട്ടവര്‍ക്കായി വീട് നിര്‍മ്മിച്ച് നല്‍കുന്ന ലൈഫ് പദ്ധതിയിലെ അഴിമതിയും അതിലെ മുഖ്യമന്ത്രിയുടെ പങ്കും പുറത്തു വരാതിരിക്കാനാല്ലെ ഈ സര്‍ക്കാര്‍ സിബിഐ അന്വേഷണത്തെ തടസ്സപ്പെടുത്തിയത്.സൗജന്യ കിറ്റില്‍പ്പോലും അഴിമതി നടത്തിയ സര്‍ക്കാരാണിതെന്നും മുല്ലപ്പള്ളി പറഞ്ഞു.
വര്‍ഗീയ ശക്തികളുമായി ഒത്തുചേര്‍ന്നുള്ള ഭരണത്തുടര്‍ച്ചയാണ് മുഖ്യമന്ത്രി ലക്ഷ്യം വയ്ക്കുന്നത്.ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ആളിക്കത്തിച്ച് നേട്ടം ഉണ്ടാക്കാന്‍ സാധിക്കുമോയെന്നാണ് മുഖ്യമന്ത്രി നോക്കുന്നത്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ജാഥ കടന്ന് പോകുന്നിടങ്ങളില്‍ വിഷം ചീറ്റുന്ന വര്‍ഗീയ പ്രചരണമാണ് നടക്കാന്‍ പോകുന്നത്.കേരളത്തിന്റെ മതേതരത്വം തകര്‍ക്കുന്ന ജാഥയ്ക്കാണ് എല്‍ഡിഎഫ് കാസര്‍കോട് നിന്നും തുടക്കം കുറിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.