കെ ഫോണ്‍ ആദ്യഘട്ടം ഉദ്ഘാടനം തിങ്കളാഴ്ച ; ഏഴു ജില്ലകളില്‍ സേവനം ലഭിക്കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th February 2021 08:55 AM |
Last Updated: 13th February 2021 08:55 AM | A+A A- |
കെ ഫോണ്‍- ഐടി സെക്രട്ടറി മുഹമ്മദ് സഫിറുള്ള
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ഇന്റര്‍നെറ്റ് പദ്ധതിയായ കെ ഫോണിന്റെ ആദ്യഘട്ടം ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. ആദ്യ ഘട്ടത്തില്‍ ഏഴ് ജില്ലകളിലെ 1000 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കാണ് കണക്ടിവിറ്റി നല്‍കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം 15 ന് വൈകിട്ട് 5.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.
വൈദ്യുത മന്ത്രി എം എം മണി ചടങ്ങില്‍ അധ്യക്ഷനാകും. ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, ഊര്‍ജ സെക്രട്ടറി സൗരഭ് ജയിന്‍, ഐ.ടി സെക്രട്ടറി കെ. മുഹമ്മദ് വൈ സഫിറുള്ള, കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ് പിള്ള, ഭെല്‍ ചെയര്‍മാന്‍ എം. വി ഗൗതമ, റെയില്‍ടെല്‍ ചെയര്‍മാന്‍ പുനീത് ചൗള, കെ.എസ്.ഐ.ടി.ഐ.എല്‍ എം.ഡി ഡോ. ജയശങ്കര്‍ പ്രസാദ് എന്നിവര്‍ പങ്കെടുക്കും.
പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുളള കേരളാ ഫൈബര്‍ ഒപ്റ്റിക്കല്‍ നെറ്റ് വര്‍ക് ആണ് നിലവില്‍ വരുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകളാക്കാകും ആദ്യഘട്ടത്തില്‍ സേവനം ലഭിക്കുക. വരുന്ന ജൂലൈയോടെ പ്രവര്‍ത്തനം സംസ്ഥാന വ്യാപകമാക്കാനാണ് നീക്കം.
ഓഫീസുകള്‍ക്കും സ്‌കൂളുകള്‍ക്കും കെ ഫോണ്‍ നേരിട്ട് ഇന്റര്‍നെറ്റ് സേവനം നല്‍കുമെങ്കിലും വീടുകള്‍ക്ക് നല്‍കില്ല. കെ ഫോണിന്റെ പ്രധാന ഫൈബര്‍ ഒപ്റ്റിക്‌സ് ശ്യംഖലയില്‍ നിന്ന് കേബിള്‍ ഓപ്പറേറ്റര്‍മാര്‍ അടക്കമുളള പ്രദേശിയ ശ്യംഖലകള്‍ക്ക് നിശ്ചിക തുക നല്‍കി വിതരാണാവകാശം നേടാം. ഈ പ്രാദേശിക വിതരണ ശ്യംഖലകളാകും ഇന്റര്‍നെറ്റ് സേവനം വീടുകളില്‍ എത്തിക്കുക.
വീടുകളില്‍ നിന്ന് എത്ര തുക ഈടാക്കണമെന്ന് ഈ പ്രാദേശിക വിതരണ ശ്യംഖലകള്‍ക്ക് തീരുമാനിക്കാം. കെ ഫോണ്‍ പദ്ധതി നിലവില്‍ വരുന്നതോടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.