'നടപ്പാക്കില്ല എന്നുപറഞ്ഞാല്‍ നടപ്പാക്കില്ല'; പൗരത്വ നിയമം കേരളത്തില്‍ അനുവദിക്കില്ല: നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

പൗരത്വ നിയമം കേളത്തില്‍ നടപ്പാക്കില്ല എന്നു പറഞ്ഞാല്‍ നടപ്പാക്കില്ല എന്നുതന്നെയാണ് അര്‍ത്ഥമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
എല്‍ഡിഎഫ് വികസന മുന്നേറ്റ യാത്ര മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു/ സിപിഎം ഫെയ്‌സ്ബുക്ക് പേജ് ഫോട്ടോ
എല്‍ഡിഎഫ് വികസന മുന്നേറ്റ യാത്ര മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു/ സിപിഎം ഫെയ്‌സ്ബുക്ക് പേജ് ഫോട്ടോ

ഉപ്പള: പൗരത്വ നിയമം കേളത്തില്‍ നടപ്പാക്കില്ല എന്നു പറഞ്ഞാല്‍ നടപ്പാക്കില്ല എന്നുതന്നെയാണ് അര്‍ത്ഥമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'കോവിഡ് വാക്‌സിനേഷന്‍ കഴിഞ്ഞാല്‍ പൗരത്വഭേദഗതി നിയമം രാജ്യത്ത്  നടപ്പാക്കുമെന്ന് ബിജെപി കേന്ദ്രങ്ങളില്‍ നിന്ന് ഇപ്പോള്‍ പറയുന്നുണ്ട്. ആഭ്യന്തര മന്ത്രി തന്നെയാണ് ഇങ്ങനെ പറഞ്ഞിട്ടുള്ളത്. ഞങ്ങള്‍ ഒരു നിലപാട് എടുത്തിട്ടുണ്ട്. കേരളത്തില്‍ ഇതിനെ അനുകൂലിക്കില്ല. അതിന്റെ കൂടെ നില്‍ക്കുകയുമില്ല. നടപ്പാക്കുകയുമില്ല' മുഖ്യമന്ത്രി പറഞ്ഞു.

എല്‍ഡിഎഫിന്റെ വികസന മുന്നേറ്റ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എങ്ങനെ നടപ്പാക്കാതിരിക്കാനാകുമെന്ന് ചിലര്‍ ചോദിച്ചിരുന്നു. നടപ്പാക്കില്ല എന്നു പറഞ്ഞാല്‍ നടപ്പാക്കില്ല എന്നു തന്നെയാണ് എന്ന് അദ്ദേഹം പറഞ്ഞു. 
വര്‍ഗീയമായി ആളുകളെ വികാരം കൊള്ളിച്ച് വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അത് നാടിന് ഗുണം ചെയ്യില്ല. വര്‍ഗീയത നാടിന് ആപത്താണ്. വര്‍ഗീയതയെ പൂര്‍ണമായും തൂത്തുമാറ്റണം.

ഏറ്റവും കടുത്ത വര്‍ഗീയത ആര്‍എസ്എസ് ആണ് സ്വീകരിക്കുന്നത്. ആര്‍എസ്എസ് ഉയര്‍ത്തുന്ന വര്‍ഗീയത നേരിടാനെന്ന മട്ടില്‍ എസ്ഡിപിഐയെ പോലുള്ള ചിലര്‍ വര്‍ഗീയ നിലപാടുകള്‍ സ്വീകരിക്കുന്നുണ്ട്. അത് ആത്മഹത്യാപരമാണ്. ന്യൂനപക്ഷ സംരക്ഷണമെന്നത് സ്വയം സംഘടിച്ച് വര്‍ഗീയ ശക്തികളെ നേരിടാനാകുന്ന ഒന്നല്ല. അത് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് നടപ്പാക്കേണ്ട ഒരു കാര്യമാണ്. അതിലൂടെ മാത്രമേ യഥാര്‍ത്ഥ ന്യൂനപക്ഷ സംരക്ഷണം നടക്കാപ്പാക്കാനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം ഇന്ന് രാജ്യത്തിന് മാതൃകയാണ് അതിന് കാരണം ഇടതുപക്ഷത്തിന്റെ കരുത്താണ്. വര്‍ഗീയമായി ആളുകളെ വേര്‍തിരിക്കാന്‍ ശ്രമിക്കുന്ന ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ആര്‍എസ്എസിന്റെ അതേ പണി തന്നെയാണ് ചെയ്യുന്നത്. രണ്ടും വര്‍ഗീയത ശക്തിപ്പെടുത്തുകയാണ്. ഈ എല്ലാ ശക്തികളും എല്‍ഡിഎഫിന് എതിരാകുന്നത് തങ്ങള്‍ വര്‍ഗീയതയ്‌ക്കെതിരെ ആയതുകൊണ്ടാണ്.

ബിജെപി ഒരുക്കുന്ന കാര്യങ്ങള്‍ക്ക് സംഭാവന ചെയ്യാന്‍ എന്തൊരു താത്പര്യമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എന്ന് ഓര്‍ക്കണം. ഒരു എംഎല്‍എ സംഭാവനയുമായി അങ്ങോട്ടു ചെന്നു. വര്‍ഗീയതയോട് ഒരു വിട്ടുവീഴ്ചയുമില്ലാത്ത സമീപനമാണ് ഇടതുപക്ഷം ഉയര്‍ത്തിപ്പിടിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com