എസ്എഫ്ഐ പരിപാടിയിൽ പൊലീസുകാരൻ പങ്കെടുത്തു; ഡിജിപിക്ക് കോൺഗ്രസ് നേതാവിന്റെ പരാതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th February 2021 03:01 PM |
Last Updated: 13th February 2021 03:01 PM | A+A A- |

ഫയല്‍ ചിത്രം
പത്തനംതിട്ട: എസ്എഫ്ഐ സംഘടിപ്പിച്ച പൂർവകാല പ്രവർത്തകരുടെ കൂട്ടായ്മയിൽ പങ്കെടുത്ത പൊലീസുകാരനെതിരേ ഡിജിപിക്ക് കോൺഗ്രസ് നേതാവിന്റെ പരാതി. കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയെ ഷാൾ അണിയിച്ച പൊലീസുകാരെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചെങ്ങന്നൂർ ട്രാഫിക് സ്റ്റേഷനിലെ സിപിഒ വിവേകിനെതിരേ കെപിസിസി ജനറൽ സെക്രട്ടറി എഎ ഷുക്കൂർ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
കഴിഞ്ഞ ഞായറാഴ്ച പന്തളത്ത് എസ്എഫ്ഐ സംഘടിപ്പിച്ച പൂർവകാല പ്രവർത്തകരുടെ കൂട്ടായ്മയിൽ വിവേക് പങ്കെടുത്തുവെന്നാണ് ഷുക്കൂറിന്റെ പരാതി. ഒരു പൊലീസ് ഉദ്യോഗസ്ഥൻ രാഷ്ട്രീയ സംഘടനയുടെ പരിപാടിയിൽ പങ്കെടുത്തത് ചട്ടവിരുദ്ധമാണെന്നും പരിപാടിയുടെ വീഡിയോ തങ്ങളുടെ കൈവശമുണ്ടെന്നും പരാതിയിൽ പറയുന്നു. അതേസമയം, ആരോപണവിധേയനായ വിവേക് സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസമാണ് രമേശ് ചെന്നിത്തലയെ ഷാൾ അണിയിക്കുകയും മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം ഫോട്ടോയെടുക്കുകയും ചെയ്ത പൊലീസുകാരെ സസ്‌പെൻഡ് ചെയ്തത്. എറണാകുളം റൂറലിലെയും സിറ്റിയിലെയും പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തിന് ശേഷം നടപടി സ്വീകരിച്ചത്.