'പണം തന്നില്ലെങ്കില്‍ വിരലുകള്‍ ഓരോന്നായി അരിയും'; പള്ളിയില്‍ പോയ വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഭീഷണി സന്ദേശം
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th February 2021 08:58 PM |
Last Updated: 13th February 2021 08:58 PM | A+A A- |

നാദാപുരം പൊലീസ് സ്റ്റേഷന്‍/ഫയല്‍
കോഴിക്കോട്: തൂണേരി മുടവന്തേരിയില്‍ വ്യാവസായിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഭീഷണി സന്ദേശം ലഭിച്ചു. പ്രവാസി വ്യവസായി എംടികെ അഹമ്മദിനെയാണ് തട്ടിക്കൊണ്ടുപോയത്. ഇദ്ദേഹത്തെ വിട്ടുകിട്ടണമെങ്കില്‍ അറുപത് ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് വിദേശത്തുള്ള സഹോദരനാണ് ഭീഷണി സന്ദേശം ലഭിച്ചത്. പണം നല്‍കിയില്ലെങ്കില്‍ കൈവിരലുകള്‍ ഓരോന്നായി അരിയും എന്നാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്.
പുലര്‍ച്ചെ പ്രാര്‍ത്ഥനക്ക് പള്ളിയിലേക്ക് പോകും വഴിയാണ് അഹമ്മദിനെ തട്ടിക്കൊണ്ടുപോയത്. ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. നാദാപുരം പൊലീസ് അന്വേഷണം തുടങ്ങി. അദ്ദേഹത്തിന്റെ സ്‌കൂട്ടര്‍ വഴിയില്‍ വീണ് കിടക്കുന്നത് കണ്ട നാട്ടുകാര്‍ വീട്ടില്‍ വിവരമറിയിക്കുകയായിരുന്നു. അഹമ്മദിന്റെ വണ്ടി തടഞ്ഞ് അജ്ഞാത സംഘം തട്ടിക്കൊണ്ട് പോയെന്നാണ് ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
ഖത്തര്‍, ദുബായ് എന്നിവിടങ്ങളില്‍ വ്യവസായിയാണ് അഹമ്മദ്. നാട്ടില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. അതിനാല്‍ അഹമ്മദിന് നാട്ടില്‍ ശത്രുക്കള്‍ ഇല്ലെന്ന് ബന്ധുക്കള്‍ പറയുന്നു. കമ്പനിയിലെ ഒരു സ്റ്റാഫിനെ പിരിച്ചു വിട്ടതുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു.